വാഷിങ്ടണ്‍: നയതന്ത്ര ബന്ധം കൂടുതല്‍ വഷളായതോടെ ഇറാനെ താക്കീത് ചെയ്ത് അമേരിക്ക. തങ്ങളുടെ താല്പര്യങ്ങള്ക്ക് എതിരായാണ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ ശക്തമായ തിരിച്ചടിയാണ് ഉണ്ടാവുകയെന്നു ഇറാന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്കി.
അമേരിക്കക്കെതിരെ യുദ്ധത്തിനാണ് ഇറാന് തയ്യാറെടുക്കുന്നതെങ്കില്‍ ഇറാന് എന്ന രാജ്യം ചരിത്രത്തില്‍ മാത്രമൊതുങ്ങുമെന്ന് ഞായറാഴ്ച ട്രംപ് പറഞ്ഞു. എന്നാല്‍, ഇറാന് ഒരു യുദ്ധത്തിന് ഒരുങ്ങുകയോ യുദ്ധത്തിനായി ആഗ്രഹിക്കുകയോ ചെയ്യുന്നില്ലെന്നാണ് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവദ് സരീഫ് ശനിയാഴ്ച പ്രസ്താവിച്ചത്. രാജ്യം യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്നുള്ളത് തികച്ചും മിഥ്യാധാരണയാണെന്നും ചൈനയില്‍ സന്ദര്‍ശനത്തിനെത്തിയ സരീഫ് പറഞ്ഞിരുന്നു.
എങ്കിലും, അമേരിക്കയ്ക്കെതിരെ കടുത്തഭാഷയിലാണ് സരീഫ് പ്രതികരിച്ചത്. ഇറാനെതിരെ ഉപരോധമേര്‍പ്പെടുത്തിയും പേര്‍ഷ്യന്‍ ഉള്‍ക്കടലിലേക്ക് പടക്കപ്പലുകളയച്ചും യുഎസ് നടത്തുന്ന പടനീക്കങ്ങളെ അദ്ദേഹം വിമര്‍ശിച്ചു. നേരത്തെ, പേര്‍ഷ്യന്‍ ഉള്‍ക്കടലില്‍ നങ്കൂരമിട്ട യുഎസ് പടക്കപ്പലുകള്‍ ആക്രമിക്കാന്‍ തങ്ങള്‍ക്ക് ചെറിയൊരു മിസൈല്‍ മതിയെന്ന് ഇറാന് റവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന ഉദ്യോഗസ്ഥന് മുഹമ്മദ് സലേ ജൊകാര്‍ പറഞ്ഞത് വീണ്ടും മേഖലയില്‍ സംഘര്‍ഷം പുകയാന്‍ കാരണമായിരുന്നു.
Discussion about this post