ബാങ്കോക്ക്: രാജ്യത്തിനകത്തും പുറത്തു നിന്നുമായി കുട്ടികളോടുള്ള ക്രൂരതയുടെ റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. കുട്ടികള്‍ സ്വന്തം വീട്ടില്‍ പോലും സുരക്ഷിതരല്ലെന്നാണ് ഓരോ സംഭവങ്ങളും ചൂണ്ടിക്കാണിക്കുന്നത്. പെറ്റമ്മയുടെ മര്‍ദ്ദനത്തില്‍ മരിച്ച കുട്ടികളെല്ലാം തന്നെ ഈ റിപ്പോര്‍ട്ടുകള്‍ക്കെല്ലാം ഉദാഹരണമാണ്. അത്തരത്തിലൊന്നാണ് ഇപ്പോള്‍ വടക്കന്‍ തായ്‌ലാന്റില്‍ നിന്ന് വരുന്നത്.
വടക്കന്‍ തായ്ലാന്റിലെ ചുംപുവാങ്ങിലുള്ള ബാന്‍ നോങ് ഖാം ഗ്രാമത്തില്‍ താമസിക്കുന്ന 15 വയസ്സുകാരി വീട്ടുകാരെ അറിയിക്കാതെ പ്രസവിച്ച ആണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ചുമൂടുകയായിരുന്നു. അല്‍പ്പ നേരത്തിനകം അതുവഴി വരാനിടയായ നായ മണം പിടിച്ച്, മണ്ണു മാന്തി കുരയ്ക്കാന്‍ തുടങ്ങി. കര്‍ഷകന്‍ ഓടി വന്നു നോക്കിയപ്പോള്‍ കണ്ടത് അഴുക്കുപുരണ്ടൊരു കുഞ്ഞിക്കാല് മണ്‍കൂനയ്ക്കു പുറത്തേയ്ക്ക് ഉന്തിനില്‍ക്കുന്ന കാഴ്ചയായിരുന്നു. മണ്ണുമാറ്റിയപ്പോള്‍ കുഞ്ഞിനു ജീവനുണ്ട്. പിന്നെ നാട്ടുകാരെയും വിളിച്ചുകൂട്ടി ആശുപത്രിയിലേക്കോടി.
ഇപ്പോള്‍ കുഞ്ഞ് ആരോഗ്യവാനായി ഇരിക്കുന്നു. കുറ്റബോധം കൊണ്ട് നീറുകയാണ് ഈ പെറ്റമ്മ. വീട്ടുകാരുടെ പൂര്‍ണ്ണ പിന്തുണയോടെ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തു. കാറിടിച്ചു പരിക്കേറ്റതു മുതല്‍ മൂന്നുകാലില്‍ ഞൊണ്ടി നടക്കുന്നൊരു നാടന്‍ വളര്‍ത്തുനായയാണ് കുട്ടിക്ക് പുനര്‍ജന്മം നല്‍കാന്‍ ഇടയായത്. കര്‍ഷകനായ യുസ നിസൈഖ വളര്‍ത്തുന്ന പിങ് പോങ് എന്ന നായയാണു പിഞ്ചുജീവന്‍ രക്ഷിച്ച് താരമായത്.