ലണ്ടന്‍: ഗൂഗിള്‍ നിര്‍മ്മിച്ച കൃത്രമ ബുദ്ധി പരീക്ഷയില്‍ പരാജയപ്പെട്ട് ലോകത്തെ ഞെട്ടിച്ചു. ഡീപ് മൈന്‍ഡ് എന്ന പേരുള്ള ഗൂഗിളിന്റെ കൃത്രിമ ബുദ്ധിയാണ് കണക്ക് പരീക്ഷയില്‍ തോറ്റത്. യുകെയിലെ 16 വയസ്സുളള കുട്ടികള്‍ക്കായി നടത്തുന്ന കണക്ക് പരീക്ഷയിലാണ് ഗൂഗിളിന്റെ നിര്‍മ്മിത ബുദ്ധി പരാജയപ്പെട്ടത്. പരീക്ഷയ്ക്ക് വേണ്ടി കൃത്രിമ ബുദ്ധിയെ നിര്‍മ്മാതാക്കള്‍ എല്ലാം പഠിപ്പിച്ചിരുന്നെങ്കിലും പരീക്ഷയെഴുതുമ്പോള്‍ പരാജയപ്പെടുകയായിരുന്നു.
40 ചോദ്യങ്ങളുള്ള പരീക്ഷയില്‍ 14 ഉത്തരങ്ങള്‍ മാത്രമാണ് കൃത്രിമ ബുദ്ധി ശരിയായ ഉത്തരം നല്‍കിയത്. കൃത്രിമ ബുദ്ധിയുടെ പരാജയം ടെക് ലോകത്ത് അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്. മനുഷ്യര്‍ ചെയ്യുന്ന എല്ലാ ജോലികളും എഐ ഉപയോഗിച്ച് ചെയ്യാം എന്ന വാദത്തിന് തിരിച്ചടിയാണ് പുതിയ സംഭവം എന്നാണ് വിലയിരുത്തല്‍.
പരീക്ഷയെ നേരിടാന്‍ ഡീപ് മൈന്‍ഡിനു വേണ്ട അല്‍ഗോരിതം തയ്യാറാക്കി നല്‍കിയിരുന്നു. എന്നാല്‍ ചോദ്യങ്ങളിലെ ചില ചിഹ്നങ്ങള്‍, വാക്കുകള്‍, സംഖ്യകള്‍ എന്നിവ മനസ്സിലാക്കാന്‍ പോലും ഡീപ് മൈന്‍ഡിനു സാധിക്കാതെ പോവുകയായിരുന്നു. എല്ലാ ഗണിത പ്രശ്‌നങ്ങളും യന്ത്രത്താല്‍ പരിഹരിക്കാന്‍ സാധിക്കില്ലെന്നും, അതിന് നൈസര്‍ഗിക ബുദ്ധി തന്നെ പ്രയോഗിക്കേണ്ടതുണ്ടെന്നുമാണ് ഗണിത ഗവേഷകര്‍ പ്രതികരിക്കുന്നത്.