ലണ്ടന്‍: വഴിയില്‍ ഒരു വണ്ടി തട്ടി മനുഷ്യന്‍ കിടന്നാല്‍ പോലും തിരിഞ്ഞു നോക്കാത്ത സമൂഹമാണ് ഇന്ന്. പിന്നെയാണ് മൃഗങ്ങള്‍ക്ക് വല്ലതും പറ്റിയാല്‍. എന്നാല്‍ അവയില്‍ നിന്നെല്ലാം വ്യത്യസ്തമാവുകയാണ് ഇംഗ്ലണ്ടിലെ സസെക്സ് കൗണ്ടിയിലുള്ള ക്രിസ് റോള്‍ഫ് എന്ന ഇരുപത്തിനാലുകാരന്‍. വഴിയില്‍ വണ്ടി തട്ടി മരിച്ച നിലയില്‍ ഒരു അമ്മ കുറുക്കനെ കണ്ടു. എന്നാല്‍ ആ കുറുക്കന്റെ നിറവയറിനുള്ളില്‍ നിന്നും അനക്കം കണ്ടതോടെ മറ്റൊന്നും നോക്കാതെ വയര്‍ കീറി. ഉടനെ നാല് കുട്ടി കുറുക്കന്മാരാണ് പുറത്ത് വന്നത്. ഇപ്പോള്‍ ഏഴാഴ്ചയായി ഈ കുറുക്കന്മാര്‍ക്ക്.
ആ അനുഭവം പങ്കുവെയ്ക്കുകയാണ ഗ്രാമീണ കര്‍ഷകനായ ക്രിസ് റോള്‍ഫ്. രാത്രി ഏറെ വൈകിയിരുന്നു റോള്‍ഫ് ആവഴി വന്നപ്പോള്‍. ഹെഡ്ലൈറ്റിന്റെ വെട്ടത്തില്‍ യാദൃച്ഛികമായി വണ്ടി തട്ടി മരിച്ച കുറക്കനെ കണ്ടു. ഉടനെ അതിനടുക്കലേയ്ക്ക് നടന്നു. അടുത്തെത്തി നോക്കിയപ്പോള്‍ കണ്ടത് വയറില്‍ അസാധാരണമായ അനക്കമായിരുന്നു. കുറുക്കന്റെ വയറ്റിനുള്ളില്‍ ഒന്നില്‍ കൂടുതല്‍ കുഞ്ഞുങ്ങളുണ്ടെന്ന് ക്രിസിന് മനസിലായി. ക്രിസ് ഡോക്ടറോ നഴ്‌സോ ഒന്നുമല്ല. ആകെയുള്ള പരിചയം വളര്‍ത്തുമൃഗങ്ങളെ പോറ്റിയിട്ടുണ്ട് എന്നത് മാത്രമാണ്. ഉള്ള പരിചയം വെച്ച് കാറില്‍ സൂക്ഷിച്ചിരുന്ന കത്തിയുമായി എത്തി.
മരിച്ചു കിടന്ന ആ കുറുക്കന്റെ വയറ്റില്‍ റോള്‍ഫ് ഒരു എമര്‍ജന്‍സി സി സെക്ഷന്‍ ചെയ്തു. വയറിനുള്ളില്‍ വീര്‍പ്പുമുട്ടിക്കിടന്ന നാലു കുറുക്കന്‍ കുഞ്ഞുങ്ങളെ അയാള്‍ വയറുകീറി പുറത്തെടുത്തു. നാലാമത്തെ കുറുക്കന്‍ കുഞ്ഞും പുറത്തുവന്നപ്പോഴേക്കും നേരം ഒരുപാട് കടന്നു പോയി. പുറത്തുവന്ന കുഞ്ഞുങ്ങളെ തന്റെ കോട്ടിന്റെ പോക്കറ്റിലിട്ട് റോള്‍ഫ് വേഗം വണ്ടിയോടിച്ച് അധികം ദൂരെയല്ലാതെ സ്ഥിതിചെയ്യുന്ന തന്റെ അമ്മയുടെ വീട്ടിലെത്തി. അയാള്‍ക്ക് പറയത്തക്ക വെറ്ററിനറി പരിശീലനമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, മുമ്പ് തന്റെ ഫാമിലെ ആടുകളില്‍ ഇതുപോലെ സിസേറിയന്‍ ചെയ്യുന്നത് അയാള്‍ നേരില്‍ കണ്ടിരുന്നു.
ആ ഒരു ധൈര്യത്തിലായിരുന്നു പരീക്ഷണം നടത്തിയത്. ക്രിസിന്റെ സമയോചിതമായ ഇടപെടല്‍ മൂലം രക്ഷയായത് നാല് ജീവനുകള്‍ക്കാണ്. ഏഴാഴ്ച പ്രായമായ കുഞ്ഞുങ്ങളുടെ സുന്ദരമായ ചിത്രങ്ങള്‍ ഇപ്പോള്‍ ക്രിസ് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരിക്കുകയാണ്. ക്രിസിന്റെ നന്മ മനസിനെ വാഴ്ത്തി സമൂഹമാധ്യമങ്ങളും എത്തി. പ്രദേശത്തെ കുറുക്കന്മാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന ‘ദി ഫോക്‌സ് പ്രോജക്ട്’ എന്ന എന്‍ജിഒയുടെ സഹായം അവര്‍ക്ക് ലഭ്യമാവുന്നുണ്ട്. ജിഞ്ചര്‍, ബിസ്‌ക്കറ്റ്, ബിഗ് ടിപ്പ് , ലിറ്റില്‍ ടിപ്പ് എന്നിങ്ങനെയാണ് അവര്‍ക്ക് റോള്‍ഫ് ഇട്ടിരിക്കുന്ന പേരുകള്‍.
ആ കുഞ്ഞുങ്ങളെ പരിചരിച്ചത് റോള്‍ഫിന്റെ അമ്മയായിരുന്നു. ആദ്യമാദ്യമൊക്കെ ഇടയ്ക്കിടെ പാലുകുടിക്കണമായിരുന്നു പിള്ളേര്‍ക്ക്. പിന്നെ പതുക്കെ അത് രണ്ടു മണിക്കൂര്‍ ഇടവിട്ടാക്കി, എന്നിട്ട് മൂന്ന് മണിക്കൂര്‍ ഇടവിട്ട്. ഇപ്പോള്‍ പാലുകുടി നിര്‍ത്തി പൂര്‍ണ്ണമായും ഖരാഹാരമാക്കി. ആറുമാസം കഴിയുമ്പോഴേക്കും ഈ കുറുക്കന്‍ കുഞ്ഞുങ്ങള്‍ വളരുമെന്നും അപ്പോള്‍ അവരെ തിരിച്ച് കാടിനുള്ളില്‍ കൊണ്ടുചെന്നാക്കണമെന്നുമാണ് ക്രിസ് പ്രതീക്ഷിക്കുന്നത്.