തിംഫു: ശനിയാഴ്ചകളില്‍ ഡോക്ടര്‍, വ്യാഴാഴ്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ക്ലാസെടുക്കും, ഞായറാഴ്ചകളില്‍ കുടുംബത്തോടൊപ്പവും. ഇത് ഭൂട്ടാനിലെ 750000 ജനങ്ങളുടെ പ്രധാനമന്ത്രിയുടെ ശീലങ്ങളാണ്. ഭൂട്ടാന് തലസ്ഥാനമായ തിംഫുവിലെ ജിഗ്മെ ഡോര്‍ജി വാങ്ചുക് ദേശീയ റഫറല്‍ ആശുപത്രിയില്‍ ശനിയാഴ്ച്ചകളിലാണ് സര്‍ജനായി പ്രധാനമന്ത്രിയായ ലോട്ടെ ഷെറിങ് എത്തുക.
‘എനിക്കിതൊരു സ്ട്രെസ്-റിലീഫാണ്.’ പ്രധാനമന്ത്രിയല്ലേ..? എന്നിട്ടും എന്തിന് ഡോക്ടര്‍ കുപ്പായമിടുന്നു എന്ന ചോദ്യത്തിനുള്ള അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമാണ്. ‘ചിലര്‍ ഗോള്‍ഫ് കളിക്കും, ചിലര്‍ അമ്പെയ്ത്ത് പരിശീലിക്കും. എനിക്കാണെങ്കില്‍ രോഗികളെ ശുശ്രൂഷിക്കാനാണ് ഇഷ്ടം. അതുകൊണ്ട് വാരാന്ത്യങ്ങള്‍ ഞാനിവിടെ ചെലവഴിക്കുന്നു.’ ഷെറിങ് പറയുന്നു.
ഏറെ അത്ഭുതപ്പെടുത്തുന്നത് മറ്റൊന്നാണ്. വ്യാഴാഴ്ചകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അദ്ദേഹം ക്ലാസ് എടുത്ത് കൊടുക്കാന്‍ പോലും സമയം കണ്ടെത്താറുണ്ട്. ഞായറാഴ്ച്ചകളാവട്ടെ അദ്ദേഹത്തിന് സ്വന്തം കുടുംബത്തോടൊപ്പം ചെലവഴിക്കാനുള്ളതാണ്. ഇങ്ങനെ നീളും അദ്ദേഹത്തിന്റെ ഓരോ ദിനങ്ങളും. ആരോഗ്യരംഗത്തിന്റെ പുരോഗതി വാഗ്ദാനം ചെയ്താണ് താന്‍ അധികാരത്തിലേറിയതെന്നും അതുകൊണ്ട് തന്നെ തന്റെ മരണം വരെ ഡോക്ടറെന്ന നിലയിലുള്ള സേവനം തുടരുമെന്നും ഷെറിങ് പറയുന്നു.
ബംഗ്ലാദേശ്, ജപ്പാന്, ഓസ്ട്രേലിയ, അമേരിക്ക എന്നിവിടങ്ങളിലായി ആയിരുന്നു ഷെറിങിന്റെ പഠനം. 2013ലാണ് ലോട്ടെ ഷെറിങ് രാഷ്ട്രീയരംഗത്തേക്ക് ഇറങ്ങിയത്. അത്തവണത്തെ തെരഞ്ഞെടുപ്പില്‍ അദ്ദേഹം പരാജയപ്പെട്ടു. പക്ഷേ അവിടം കൊണ്ട് അവസാനിപ്പിക്കാന്‍ അദ്ദേഹം തയ്യാറായില്ല. തുടര്‍ന്ന് ഗ്രാമീണമേഖലകളില്‍ ആരോഗ്യപ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം സജീവമായി. ശിശുമരണനിരക്ക് കുറയ്ക്കുന്നതിലും ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കുന്നതിലും പകര്‍ച്ചവ്യാധികളെ തടയുന്നതിലുമൊക്കെ വളരെയധികം പുരോഗതിയാണ് ഷെറിങിന്റെ ഭരണകാലത്ത് ഉണ്ടായിട്ടുള്ളത്.
ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാണ് ഇപ്പോള്‍ ഭൂട്ടാന് പ്രാധാന്യം നല്‍കുന്നത്. ഇവിടെ ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ പ്രധാനമന്ത്രിയാണ് ഷെറിങ്.
Discussion about this post