റിയാദ്: തുര്‍ക്കിയില്‍ വെച്ച് സൗദി കൊണ്‍സുലേറ്റില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗ്ജിയുടെ മൃതശരീരം തങ്ങള്‍ക്കു തിരിച്ചുനല്‍കണമെന്ന് സൗദിയോട് ഖഷോഗ്ജിയുടെ മകന്‍. സൗദി അറേബ്യയിലേക്ക് തിരിച്ചുവന്ന് തങ്ങള്‍ക്കത് സംസ്‌കരിക്കണമെന്നും സലാ ഖഷോഗ്ജി സിഎന്‍എന്നിനു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
പിതാവിന്റെ മരണവുമായി ബന്ധപ്പെട്ട ദു:ഖത്തില്‍ നിന്നും അല്പമെങ്കിലും മോചനമുണ്ടാവണമെങ്കില്‍ അദ്ദേഹത്തിന്റെ മൃതശരീരം തങ്ങള്‍ക്കു ലഭിക്കണമെന്നാണ് സലാ പറഞ്ഞത്.
‘ ഇത് സാധാരണ സാഹചര്യമല്ല. സാധാരണ മരണവുമല്ല. മദീനയിലെ അല്‍ ബാഖിയില്‍ മറ്റു കുടുംബാംഗങ്ങളുടെ കല്ലറയ്ക്കടുത്ത് അദ്ദേഹത്തിന്റെ മൃതശരീരം കൂടി അടക്കം ചെയ്യണമെന്നാണ് ഞങ്ങളുടെ ഇപ്പോഴത്തെ ആവശ്യം.’ സലാ പറഞ്ഞു.
‘സൗദി അധികൃതരുമായി ഇക്കാര്യം ഞാന്‍ സംസാരിച്ചിരുന്നു. എത്രയും പെട്ടെന്ന് അത് സാധിക്കുമെന്നാണ് കരുതുന്നത്.’ എന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ അമേരിക്കയില്‍ അഭയം തേടിയിരിക്കുകയാണ് സലായും കുടുംബവും.
ഒക്ടോബര്‍ രണ്ടിനാണ് ഇസ്താംബുളിലെ സൗദി കോണ്‍സുലേറ്റിനുള്ളില്‍വെച്ച് ജമാല്‍ ഖഷോഗ്ജി കൊല്ലപ്പെട്ടത്. ദിവസങ്ങള്‍ക്കുശേഷമാണ് കൊലപാതകം സൗദി അധികൃതര്‍ സ്ഥിരീകരിച്ചത്.
എന്നാല്‍ ഒരുമാസത്തിനിപ്പുറവും ഖഷോഗ്ജിയുടെ മൃതശരീരം എന്തുചെയ്തുവെന്നതു സംബന്ധിച്ച് കൃത്യമായ വിശദീകരണമൊന്നും സൗദി നല്‍കിയിട്ടില്ല.
കൊലപാതകത്തിനു പിന്നില്‍ സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനാണെന്ന ആരോപണം ചില തുര്‍ക്കിഷ് ഉദ്യോഗസ്ഥരും യുഎസ് നിയമജ്ഞരും ഉയര്‍ത്തിയിരുന്നു. എന്നാല്‍ സൗദി ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്.