വാഷിങ്ടണ്‍: പാല് നിര്‍ബന്ധിച്ച് കുടിപ്പിച്ച് തൊണ്ടയില്‍ കുടുങ്ങി എട്ട് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ആയയ്ക്ക് 15 വര്‍ഷം തടവ് ശിക്ഷ. ഓള്‍റെമി അഡെലെ എന്ന 73-കാരിക്കാണ് അമേരിക്കയിലെ പ്രിന്‍സ് ജോര്‍ജ്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി ജഡ്ജി കാരന് മസന് തടവ് ശിക്ഷ വിധിച്ചത്. എനിറ്റ സലൂബി എന്ന കുഞ്ഞിനാണ് ഓള്റെമിയുടെ കൈകളാല്‍ ദാരുണ മരണം സംഭവിച്ചത്.
അമേരിക്കയിലെ ഗ്ലേനാര്‍ജഡനില്‍ ഫെബ്രുവരിയിലായിരുന്നു കേസിനാസ്പദമായ സംഭവം. പാല്‍ക്കുപ്പിയുടെ അടപ്പ് ശരിയായി അടക്കാതെയാണ് എനിറ്റയുടെ വായയിലേയ്ക്ക് ഓള്‍റെമി പാല് വെച്ച് കൊടുത്തത്. മടി കാണിച്ചപ്പോള്‍ മടിയില്‍ കിടത്തി നിര്‍ബന്ധിച്ച് വായയിലേയ്ക്ക് ഒഴിച്ചു കൊടുക്കുകയായിരുന്നു. കുപ്പിയിലൂടെ വന്ന അമിത അളവിലെ പാല് എത്തിയതോടെ വായയില്‍ നിന്ന് ഇറക്കാന്‍ കുട്ടിയ്ക്ക് സാധിച്ചില്ല. ഇതോടെ പാല് തൊണ്ടയില്‍ കുടുങ്ങി കുഞ്ഞ് മരണത്തിന് കീഴടങ്ങുകയായിരുന്നു.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഓള്‍റെമി അഡെലെ തന്റെ മൊബൈല്‍ ഫോണിലും പകര്‍ത്തിയിരുന്നു. അഡെലെ എനിറ്റയ്ക്ക് ഒരു പാല് കുപ്പി കൊടുക്കുകയും എനിറ്റ പാല് കുടിക്കാതെ കുപ്പി നിലത്തിടുകയും ചെയ്യുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തുടര്‍ന്നാണ് അഡെലെ നിലത്ത് വീണ കുപ്പി എടുത്ത് കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം കുടിപ്പിക്കാന്‍ ശ്രമം നടത്തിയത്. കുപ്പിയില്‍ നിന്നും പാല് പുറത്തേക്ക് ചാടി കുഞ്ഞിന്റെ വായക്കകത്തും മൂക്കിലേക്കും കുടുങ്ങുന്നതും 30 സെക്കന്റുള്ള ദൃശ്യങ്ങളില്‍നിന്നും വ്യക്തമാണ്. ഏറെ വേദനിപ്പിക്കുന്നതും അമ്പരപ്പിക്കുന്നതുമാണ് ഈ ദൃശ്യങ്ങള്‍.
ബാലപീഡനം, കൊലപാതകം എന്നീ വകുപ്പുകള്‍ പ്രകാരമാണ് അഡെലെയ്ക്ക് 15 വര്‍ഷം തടവ് ശിക്ഷ വിധിച്ചത്. അതേസമയം, തനിക്ക് മാപ്പ് തരണമെന്നും താന്‍ മനപൂര്‍വ്വം കുഞ്ഞിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചതല്ലെന്നും വിധി വരുന്നതിന് മുന്‍പേ അഡെലെ കോടതിയില്‍ മുട്ടുക്കുത്തി അപേക്ഷിച്ചു. കുഞ്ഞിന് വിശക്കുന്നില്ലെന്നില്ലെങ്കിലും കാലില്‍ പിടിച്ചിരുത്തി കുഞ്ഞിന് പാല് കൊടുക്കുന്നത് നൈജീരിയയിലെ സമ്പ്രദായമാണ്. എന്നാല്‍ കുഞ്ഞിനെ കൊല്ലാന്‍ വേണ്ടിയല്ല താന്‍ അങ്ങനെ ചെയ്തത്. എനിറ്റയുടെ മരണം തികച്ചും അപകടകരമായിരുന്നുവെന്നും അഡെലെ പറയുന്നു. എന്നാല്‍ അവയെല്ലാം കോടതി തള്ളുകയായിരുന്നു. 2016 ഒക്ടോബര്‍ 24 മുതല്‍ എനിറ്റയുടെ വീട്ടില്‍ അഡെലെ ജോലി ചെയ്ത് വരുകയാണ്. നൈജീരിയന്‍ സ്വദേശിയായ അഡെലെ അമേരിക്കയിലെ മേരിലാന്‍ഡിലാണ് താമസിക്കുന്നത്.
Discussion about this post