ടെഹ്‌റാന്‍: ഇറാനു മേല്‍ ഉപരോധം കടുപ്പിക്കാനൊരുങ്ങി അമേരിക്ക. മെയ് മുതല്‍ ആരെയും ഇറാന്‍ എണ്ണ വാങ്ങാന്‍ അനുവദിക്കില്ലെന്നാണ് അമേരിക്കന്‍ നിലപാട്. ഇന്ത്യ അടക്കമുളള എട്ട് രാജ്യങ്ങള്‍ക്ക് യുഎസ് അനുവദിച്ചിരുന്ന 180 ദിവസത്തെ ഇളവ് ഇന്നലെ അവസാനിച്ചതോടെയാണ് ഇറാനെതിരെ പൂര്‍ണ്ണ ഉപരോധ നടപടികള്‍ക്ക് അമേരിക്ക തുടക്കമിട്ടത്.
അതേസമയം, അമേരിക്കയുടെ ഈ തീരുമാനം നടപ്പാകില്ലെന്ന് ഇറാന്‍ പ്രസിഡന്റ് ഹസ്സന്‍ റൂഹാനി അറിയിച്ചു. വാഷിംഗ്ടണ്‍ ഇറാന്റെ വിദേശ നാണ്യ വരവിനെ തടയാന്‍ ശ്രമിക്കുകയാണ്. എണ്ണ ഇതര വരുമാനം വര്‍ധിപ്പിക്കാന്‍ ഇറാന്‍ നടപടി തുടങ്ങിക്കഴിഞ്ഞു. ഇതിലൂടെ വിദേശ നാണ്യ വരവ് ഉയര്‍ത്തും അദ്ദേഹം രാജ്യത്തോട് പറഞ്ഞു.
അമേരിക്കയ്ക്ക് ഇറാന്റെ എണ്ണ വ്യാപാരത്തിന്റെ ഒരു വാതില്‍ മാത്രം അടയ്ക്കാനേ കഴിയും മറ്റ് വഴികളിലൂടെ ഇറാന്‍ എണ്ണ വില്‍പ്പന തുടരും. വരുന്ന മാസങ്ങളില്‍ അമേരിക്കയ്ക്ക് അത് മനസിലാകും, ഇറാന്‍ തുടര്‍ന്നും പെട്രോളിയം കയറ്റുമതി ചെയ്യുമെന്നും റൂഹാനി അറിയിച്ചു.
എട്ട് രാജ്യങ്ങള്‍ക്ക് അനുവദിച്ചിരുന്ന ഇളവുകള്‍ തുടരണമെന്ന് ആഗോള തലത്തില്‍ നിന്ന് അമേരിക്കയ്ക്ക് മുകളില്‍ സമ്മര്‍ദ്ദം ഉണ്ടായെങ്കിലും കഴിഞ്ഞ തിങ്കളാഴ്ച ഇളവുകള്‍ നീട്ടില്ലെന്ന് ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. ചൈന കഴിഞ്ഞാല്‍ ഇറാനില്‍ നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യം ഇന്ത്യയാണ്. ഇതോടെ ഇന്ത്യ അടക്കമുളള രാജ്യങ്ങള്‍ക്ക് അമേരിക്കന്‍ ഉപരോധം ഭീഷണിയായി.