വാഷിങ്ടണ്‍: ജയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചത് അമേരിക്കയുടെ നയതന്ത്രവിജയമാണെന്നും കൂടെ നിന്ന രാഷ്ട്രങ്ങളെ അഭിനന്ദിക്കുന്നെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ. ഇത്തരത്തില്‍, പാകിസ്താനില്‍ നിന്നും തീവ്രവാദം തൂത്തെറിഞ്ഞ് സൗത്ത് ഏഷ്യയില്‍ സുരക്ഷയും സ്ഥിരതയും സ്ഥാപിക്കാനുമുള്ള ശ്രമങ്ങളിലൂടെ യുഎന്നിന്റെ രാജ്യാന്തര സമൂഹത്തോടുള്ള പ്രതിബദ്ധതയാണ് തെളിയിക്കപ്പെട്ടതെന്നും പോംപിയോ പറഞ്ഞു.
ബുധനാഴ്ചയാണ് യുഎന്‍ മസൂദ് അസറിനെ ഭീകരരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന പ്രമേയം പാസാക്കിയത്. ഇത്രകാലം പ്രമേയത്തെ എതിര്‍ത്ത ചൈന ഒടുവില്‍ പിന്മാറിയതാണ് ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിക്കാന്‍ കാരണമായത്. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനാല്‍ ഇനി തടസ്സം നില്‍ക്കില്ലെന്ന ചൈനയുടെ നിലപാടോടുകൂടിയാണ് മസൂദ് അസര്‍ ആഗോളഭീകരനായി പ്രഖ്യാപിക്കപ്പെടുന്നത്.
‘ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ്അസ്ഹറിന്റെ വിഷയത്തില്‍ പിന്തുണച്ച മുഴുവന്‍ ടീമിനും അഭിനന്ദനങ്ങള്‍. നാളുകളായി കാത്തിരുന്ന ഈ വിജയം അമേരിക്കന്‍ നയതന്ത്രത്തിന്റെ വിജയമാണ്. മാത്രമല്ല തീവ്രവാദത്തിനെതിരേ നിലകൊണ്ട അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടി വിജയമാണത്. ഇത് പശ്ചിമേഷ്യയില്‍ സമാധാനം കൊണ്ടുവരാനുള്ള അതിപ്രധാനമായ കാല്‍വെപ്പുകൂടിയാണ്’, പോംപിയോ ട്വിറ്ററില്‍ കുറിച്ചു.
Discussion about this post