ന്യൂഡല്‍ഹി: ജയ്ഷെ സ്ഥാപകന്‍ മസൂദ് അസറിനെ യുഎന്‍ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളുടെ വിജയം. അതേസമയം, ആഗോള ഭീകരനായി മസൂദ് അസറിനെ പ്രഖ്യാപിച്ചത് ഭീകരത വളര്‍ത്തുന്നതിനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇനി വലിയ തടസമാണ് സൃഷ്ടിക്കുക.
മസൂദ് അസറിന് നിലവില്‍ ജീവിക്കുന്ന രാജ്യമായ പാകിസ്താന് വിട്ട് വിദേശ രാജ്യങ്ങളിലേക്ക് എവിടേക്കും സഞ്ചരിക്കാനാകില്ല. ഇത് അസറിന് വലിയ തിരിച്ചടിയാകും. ലോകത്തെല്ലായിടത്തുമുള്ള മസൂദ് അസറിന്റെ സമ്പത്ത് മരവിപ്പിക്കാനും ആഗോള ഭീകരനായുള്ള പ്രഖ്യാപനത്തിലൂടെ സാധിക്കും.മാത്രമല്ല ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതിനും വാങ്ങുന്നതിനും പൂര്‍ണ്ണമായ വിലക്ക് നിലനില്ക്കും.
ഇതിനെല്ലാം മുകളിലായി, ഇന്ത്യ സ്ഥിരമായി പറയുന്ന പാകിസ്താനാണ് ഭീകരവാദത്തിന്റെ പ്രഭവ കേന്ദ്രം എന്ന വാദത്തിനുള്ള അംഗീകാരം കൂടിയാണ് യുഎന്‍ നടപടി. മസൂദ് അസറിനെ സംരക്ഷിക്കുന്ന പാകിസ്താന് ഇതോടെ ലോകരാജ്യങ്ങള്‍ക്ക് മുന്നില്‍ തലകുനിക്കേണ്ടി വരും. യുഎന്നിന്റെ ഭീകരരുടെ പട്ടികയില്‍ ഏറ്റവും കൂടുതല്‍ പേര് പാകിസ്താനില്‍ നിന്നുള്ളവരാണെന്ന കണക്കും ശ്രദ്ധേയമാണ്.
Discussion about this post