കൊളംബോ: ശ്രീലങ്കയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഭരണാധികാരികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സുരക്ഷ ഇരട്ടിയാക്കിയിരിക്കുകയാണ്. പലര്‍ക്കും സര്‍ക്കാര്‍ ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അവയില്‍ ഒരാള്‍ ആണ് കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത്. എന്നാല്‍ തനിക്ക് ഒരുക്കിയിരിക്കുന്ന ബുള്ളറ്റ് പ്രൂഫ് വാഹനം വേണ്ടെന്ന് വെയ്ക്കുകയാണ് കര്‍ദിനാള്‍.
മാധ്യമ പ്രവര്‍ത്തരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്ന് പറഞ്ഞത്. ‘എനിക്ക് ഭയമില്ല. പുറത്ത് പോകാന്‍ ബുള്ളറ്റ് പ്രൂഫ് വാഹനത്തിന്റെ ആവശ്യമില്ല. കര്‍ത്താവാണെന്റെ സംരക്ഷകന്‍. എന്നാല്‍ എന്റെ രാജ്യത്തിനും എന്റെ ജനങ്ങള്‍ക്കും സംരക്ഷണം ആവശ്യമാണ്,’ ആര്‍ച്ച്ബിഷപ്പ് പറയുന്നു. സുരക്ഷാ ഉദ്യോഗസ്ഥനെയും സുരക്ഷാ വാഹനത്തെയും കൊളംബോ ആര്‍ച്ച്ബിഷപ്പ് ഹൗസിന് മുന്നില്‍ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ നല്‍കിയ ബുള്ളറ്റ് പ്രൂഫ് വാഹനം ഉപേക്ഷിച്ച് സാധാരണ കാറിലാണ് കര്‍ദിനാള്‍ മാല്‍ക്കം യാത്രചെയ്യുന്നത്. ചാവേര്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ ഭവനങ്ങള്‍ സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനുള്ള യാത്രയിലാണ് അദ്ദേഹം. അതേസമയം മെയ് അഞ്ച് ഞായറാഴ്ച ശ്രീലങ്കയില്‍ ദിവ്യ ബലി പുനരാരംഭിക്കുമെന്ന് മാല്‍ക്കം അറിയിച്ചു. സ്ഫോടന പരമ്പരകളെ തുടര്‍ന്ന് താത്കാലികമായി പരസ്യമായ ദിവ്യബലി അര്‍പ്പണം നിര്‍ത്തി വച്ചിരിക്കുകയായിരുന്നു.
ദൈവാലയങ്ങളില്‍ ദിവ്യബലികള്‍ ആരംഭിക്കുമെങ്കിലും, അര്‍പ്പിക്കപ്പെടുന്ന ദിവ്യബലികളുടെ എണ്ണം കുറവായിരിക്കും. സാഹചര്യങ്ങള്‍ കണക്കിലെടുത്ത് ക്രമേണ ഇതില്‍ മാറ്റമുണ്ടാകുമെന്നും കൊളംബോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാല്‍ക്കം രഞ്ജിത് അറിയിച്ചു. ചാവേര്‍ ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെ കൈകാര്യം ചെയ്യാന്‍ കര്‍ക്കശമായ നിയമം ആവശ്യമാണ്. അന്വേഷണത്തിന്റെ പുരോഗതി ഞങ്ങള്‍ക്ക് അറിയില്ല.
കസ്റ്റഡിയിലെടുത്ത ആളുകളില്‍നിന്ന് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായാണ് അധികൃതര്‍ ഞങ്ങളോട് പറഞ്ഞത്. എന്നാല്‍, ഇതേ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്താന്‍ ഇവര്‍ക്ക് കഴിയുമോ എന്ന് അറിയില്ല. ശ്രീലങ്കന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിന്‍ഹെ കഴിഞ്ഞ ദിവസം തന്നെ ഫോണില്‍ വിളിച്ച് അന്വേഷണം ദ്രുതഗതിയില്‍ നടക്കുന്നുണ്ടെന്ന് അറിയിച്ചതായും ആര്‍ച്ച്ബിഷപ്പ് കൂട്ടിച്ചേര്‍ത്തു.