ഇസ്ലാമാബാദ്: പാകിസ്താനിലെ യുവതലമുറ തീവ്രവാദത്തിലേക്ക് ആകര്‍ഷിക്കപ്പെടുന്നത് തടയാനും മതതീവ്രവാദത്തെ പ്രതിരോധിക്കാനും കൂടുതല്‍ നടപടികളുമായി പാകിസ്താന്. തീവ്രവാദത്തെ നേരിടാന്‍ മദ്രസ്സകളെ മുഖ്യപാഠ്യപദ്ധതിയുടെ ഭാഗമാക്കാനാണ് പാകിസ്താന്റെ തീരുമാനം. പദ്ധതിയുടെ ഭാഗമായി രാജ്യത്തെ 30,000 മദ്രസ്സകളെയും വിദ്യാഭ്യാസ വകുപ്പിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുമെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു.
രാജ്യത്ത് 247 മദ്രസ്സകളാണ് സ്വാതന്ത്ര്യം ലഭിച്ച കാലത്ത് ഉണ്ടായിരുന്നത്. 1980ല്‍ അത് 2,861 ആയി ഉയര്‍ന്നു. ഇപ്പോള്‍ 30,000 മദ്രസ്സകളാണ് രാജ്യത്തുള്ളത്. ഇതില്‍ 100 എണ്ണത്തിലാണ് തീവ്രവാദം സംബന്ധിച്ച പാഠ്യപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്ന് റാവല്‍പിണ്ടിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു. വിദ്യാഭ്യാസ വകുപ്പിന് കീഴില്‍ കൊണ്ടുവന്ന് മദ്രസ്സകളിലെ പാഠ്യക്രമം മാറ്റുന്ന കാര്യമാണ് ഇപ്പോള്‍ ആലോചിക്കുന്നത്. വിദ്വേഷപ്രസംഗത്തിനുള്ള അവസരങ്ങള്‍ ഇല്ലാതാക്കുകയും മറ്റ് മതങ്ങളെയും ബഹുമാനിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി വിദ്യാര്‍ത്ഥികളെ ബോധവാന്മാരാക്കുകയും ചെയ്യാനാണ് സര്‍ക്കാരിന്റെ പദ്ധതി.
പദ്ധതിക്കാവശ്യമായ ഫണ്ട് ഫെബ്രുവരിയില്‍ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. മതപഠനത്തോടൊപ്പം മറ്റ് വിഷയങ്ങളും കുട്ടികളുടെ കഴിവ് പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പാഠ്യപദ്ധതിയും ആവിഷ്കരിക്കുമെന്ന് ജനറല്‍ ആസിഫ് ഗഫൂര്‍ പറഞ്ഞു.
Discussion about this post