കൊളംബോ: ശ്രീലങ്കയെ ഈസ്റ്റര്‍ ദിനത്തില്‍ ചോരക്കളമാക്കിയ ചാവേറുകളുടെ മൃതശരീരങ്ങള്‍ സംസ്‌കരിക്കാന്‍ അനുവദിക്കില്ലെന്ന് മുസ്ലീം പളളികള്‍. ലങ്കന്‍ മുസ്ലീം സമുദായത്തിന്റെ ഉന്നതഘടകമായ ദി ആള്‍ സോളോണ്‍ ജാമിയത്തുല്‍ ഉലമ (എസിജെയു)യാണ് ഇക്കാര്യം വ്യക്തമാക്കിയത്.
വെള്ളിയാഴ്ച പ്രാര്‍ത്ഥനകളില്‍ പങ്കെടുക്കരുതെന്ന് മുസ്ലീം മതകാര്യ മന്ത്രി അബ്ദുള്‍ ഹലീം മുഹമ്മദ് ഹാഷിം ആവശ്യപ്പെട്ടിട്ടുമുണ്ടായിരുന്നു. കത്തോലിക്കാ സമുദായത്തിന് ഐക്യം പ്രഖ്യാപിച്ചും ഭീകരരുടെ പ്രാകൃത നടപടിയില്‍ പ്രതിഷേധിച്ചും വെള്ളിയാഴ്ച്ച പ്രാര്‍ത്ഥനയില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നാണ് മന്ത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. എല്ലാ ക്രിസ്തീയ സഹോദരീ സഹോദരമാരുടെയും ദുഖത്തിനൊപ്പം ചേര്‍ന്നുനില്‍ക്കുന്നെന്നും അബ്ദുള്‍ ഹലീം മുഹമ്മദ് ഹാഷിം പറഞ്ഞു.
ഇതിനു പിന്നാലെ, ലങ്കയിലെ സുരക്ഷാപരിശോധനകളും സുരക്ഷാ പ്രശ്‌നങ്ങളും കണക്കിലെടുത്ത് വെള്ളിയാഴ്ച്ച പ്രാര്‍ത്ഥന ഒഴിവാക്കാനും സ്ത്രീകള്‍ മുഖം മറച്ച് ബുര്‍ഖ ധരിക്കുന്നത് ഒഴിവാക്കാനും എസിജെയു തീരുമാനിച്ചു.
രാജ്യത്ത് കൂടുതല്‍ ആക്രമണങ്ങള്‍ക്കുള്ള സാധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ അമേരിക്കയും യുകെയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ചില പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് ഒഴിവാക്കണമെന്ന് ലങ്കയിലുള്ള പൗരന്‍മാര്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുമുണ്ട്.
Discussion about this post