കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനത്ത് ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടനത്തില്‍ സൂത്രധാരനും കൊല്ലപ്പെട്ടു. കൊളംബോ ഹോട്ടലിലെ സ്ഫോടനത്തിലാണ് മുഖ്യ സൂത്രധാരനായ സഹ്റാന്‍ ഹാഷിം കൊല്ലപ്പെട്ടതെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന സ്ഥിരീകരിച്ചു.’ഭീകര സംഘടനാ തലവനായ സഹ്റാന്‍ ഹാഷിം, ഷങ്ഗ്രി-ലാ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ അറിയിച്ചത്.’ ശ്രീലങ്കന്‍ പ്രസിഡന്റ് ഔദ്യോഗിക അറിയിപ്പ് പുറത്തുവിട്ടതിങ്ങനെ.
നേരത്തെ, ചാവേര്‍ ആക്രമണങ്ങള്‍ക്ക് പുറപ്പെടും മുമ്പ് ഭീകരര്‍ പ്രതിജ്ഞയെടുക്കുന്ന വീഡിയോ ഐഎസ് പുറത്തുവിട്ടിരുന്നു. ഈ വീഡിയോയില്‍ നാഷണല്‍ തൗഹീദ് ജമാഅത്ത് നേതാവായ സഹ്റാന്‍ ഹാഷിം പ്രത്യക്ഷപ്പെടുന്നുണ്ട്. മുഖം മറച്ച് ഏഴുപേരും സഹ്റാന്‍ ഹാഷിമും ഉള്‍പ്പെട്ടെ എട്ടുപേരാണ് ദൃശ്യത്തിലുള്ളത്. സെഹ്റാന്‍ ഹാഷിമാണ് മറ്റുള്ളവര്‍ക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുക്കുന്നത്. അറബിയിലാണ് പ്രതിജ്ഞയെടുക്കുന്നത്. ഇയാളാണ് മുഖ്യസൂത്രധാരനെന്ന് വീഡിയോയില്‍ നിന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് വ്യക്തമായത്.
അതേസമയം, സ്ഫോടനം നടത്തിയ രണ്ട് ചാവേറുകളുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. സുഗന്ധ വ്യഞ്ജന വ്യാപാരിയായ മുഹമ്മദ് യൂസുഫ് ഇബ്രാഹിം ആണ് പോലീസ് പിടിയിലായത്. സഫോടനത്തില്‍ ചാവേറായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരാണ് യൂസുഫിന്റെ മക്കള്‍.
Discussion about this post