കൊളംബോ: കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ വിവിധയിടങ്ങളിലായി പൊട്ടിത്തെറിച്ച് നൂറുകണക്കിന് ആളുകളെ കൊന്നുതള്ളിയ ചാവേറുകളുടെ പശ്ചാത്തലം വെളിപ്പെടുത്തി ശ്രീലങ്കയിലെ പ്രാദേശിക മാധ്യമങ്ങള്‍. ചാവേറുകള്‍ ഉന്നത കുടുംബങ്ങളില്‍ നിന്നുള്ളവരും വിദ്യാസമ്പന്നരുമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ചാവേറാക്രമണങ്ങളുടെ ഉത്തരവാദിത്വം ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഏറ്റെടുത്തതിന് പിന്നാലെയാണ് രാജ്യത്തെ പ്രമുഖ വ്യവസായിയുടെ മക്കളും ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത്.
ഈ ഞെട്ടലില്‍ നിന്നും മുക്തരല്ല ശ്രീലങ്കന്‍ ജനത. കാലങ്ങളായി അറിയുന്ന കുടുംബത്തിലെ പൊതുവെ ശാന്തരായ ആളുകള്‍ എങ്ങനെ, ചാവേറുകളായതെന്ന് അമ്പരക്കുകയാണ് ഇവരുടെ അയല്‍ക്കാര്‍. ഇതിനിടെ, ഈസ്റ്റര്‍ ദിനത്തിലെ സ്‌ഫോടനത്തില്‍ ചാവേറുകളായ സഹോദരന്മാരുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സുഗന്ധ വ്യഞ്ജന വ്യാപാരിയായ മുഹമ്മദ് യൂസുഫ് ഇബ്രാഹിം ആണ് പോലീസ് പിടിയിലായത്. സ്‌ഫോടനത്തില്‍ ചാവേറായ ഇംസാത് അഹമ്മദ് ഇബ്രാഹിം, ഇല്‍ഹാം ഇബ്രാഹിം എന്നിവരുടെ പിതാവാണ് യൂസുഫ്. കൊളംബോയിലെ സിന്നാമണ്‍ ഗ്രാന്‍ഡ്, ഷാന്‍ഗ്രില ഹോട്ടലുകളിലാണ് ഇവര്‍ പൊട്ടിത്തെറിച്ചത്.
സ്ഫോടനം നടത്താന്‍ യൂസുഫ് മക്കള്‍ക്ക് സഹായം നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണശാലയില്‍ സ്ഫോടക വസ്തുക്കളുമായി കയറി സ്ഫോടനം നടത്തുകയായിരുന്നു ചാവേറുകള്‍. ശ്രീലങ്കന്‍ സ്ഫോടനത്തില്‍ ചാവേറായ 9 പേരില്‍ 8 പേരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒന്‍പതാമത്തെ ആള്‍ ചാവേറുകളില്‍ ഒരാളുടെ ഭാര്യയാണെന്നാണ് കരുതുന്നത്. ഇവര്‍ ഗര്‍ഭിണിയായിരുന്നെന്നും സൂചനയുണ്ട്. ഒരു ചാവേറിന്റെ ഭാര്യയും മക്കളും ചാവേറാക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്.
ശ്രീലങ്കയില്‍ ഏപ്രില്‍ 21 ഈസ്റ്റര്‍ ദിനത്തിലാണ് വിവിധ ആരാധനാലയങ്ങളിലും വിദേശ ടൂറിസ്റ്റുകള്‍ താമസിക്കുന്ന ഹോട്ടലുകളിലും സ്ഫോടനമുണ്ടായത്. സ്‌ഫോടനത്തില്‍ 253 പേര്‍ കൊല്ലപ്പെട്ടിരുന്നു.