അന്റാര്‍ട്ടിക്ക: ലോകത്ത് കാലാവസ്ഥാ വ്യതിയാനം കാരണം നിരവധി പ്രശ്‌നങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ അന്റാര്‍ട്ടിക്കയില്‍ ഉള്ള ഏറ്റവും വലിയ പെന്‍ഗ്വിന്‍ കോളനിയും അപ്രത്യക്ഷമായിരിക്കുകയാണ്. 2016 ല്‍ കടലില്‍ താഴ്ന്ന് പോയ ഈ കോളനി പിന്നീട് പൂര്‍ണ്ണമായ തോതില്‍ പുനസ്ഥാപിക്കപ്പെട്ടില്ല എന്നാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം കാരണമാണ് ഇത് സംഭവിച്ചതെന്നാണ് ഗവേഷകര്‍ പറയുന്നത്.
കോളനി തകര്‍ന്നത് കാരണം ആയിരക്കണക്കിന് പെന്‍ഗ്വിനുകളുടെ ജീവിതമാണ് തകര്‍ന്നതെന്നും ഗവേഷകര്‍ പറയുന്നു. ബ്രിട്ടീഷ് ആന്റാര്‍ട്ടിക് സര്‍വേയാണ് ഈ വിവരങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്. അന്റാര്‍ട്ടിക്കയിലെ വെഡ്ഡ്വില്‍ കടല്‍ പരിസരത്താണ് ഈ പെന്‍ഗ്വിന്‍ കോളനി സ്ഥിതി ചെയ്തിരുന്നത്.
ഈ കോളനിയില്‍ 2016 ല്‍ വലിയ മഞ്ഞുമല തകര്‍ന്ന് ഉണ്ടായ ദുരന്തത്തിന് ശേഷം ഇവിടുത്തെ പെന്‍ഗ്വിനുകള്‍ പ്രജനനം നടത്തുന്നില്ലെന്നും ഗവേഷകര്‍ പറയുന്നു. ഇതും കോളനി അപ്രത്യക്ഷമാകുവാന്‍ കാരണമായി. എല്ലാ വര്‍ഷവും ഹാലൈ ബേ കോളനിയിലേക്ക് 15,000 മുതല്‍ 24,000 വരെ പെന്‍ഗ്വിനുകള്‍ ഇവിടെ പ്രജനനം നടത്താറുണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് വര്‍ഷമായി ഇത് നടക്കുന്നില്ല. ഇത് ലോകത്ത് ഇന്ന് നിലവിലുള്ള പെന്‍ഗ്വിനുകളുടെ എണ്ണം 5 ശതമാനം മുതല്‍ 9 ശതമാനം വരെ കുറയ്ക്കാന്‍ കാരണമാകുമെന്നും ഗവേഷകര്‍ നടത്തിയ പഠനത്തില്‍ പറയുന്നു.