‘നീ എന്തിനാ ജീവിക്കുന്നത്..? ഭക്ഷണം കഴിക്കാന്‍’ ഈ ചോദ്യവും ഉത്തരവും നമുക്ക് സുപരിചിതമാണ്. ഒരിക്കലെങ്കിലും ഉത്തരം പറഞ്ഞിട്ടുള്ളവരായിരിക്കും നാം. എന്നാല്‍ കിം തായ് എന്ന കൊറിയന്‍ യു ട്യൂബര്‍ ഭക്ഷണം കഴിക്കുന്നത് പണമുണ്ടാക്കാനാണ്. ഭക്ഷണം കഴിച്ച് ഇവര്‍ സമ്പാദിക്കുന്നത് കോടികളാണ്. ഭക്ഷണം കഴിച്ച് പണമുണ്ടാക്കുക, കേള്‍ക്കുമ്പോള്‍ അതിശയിക്കാം. സംഭവം സത്യമാണ്.
കിമ്മിന്റെ ഈറ്റ് വിത്ത് കിം എന്ന യു ട്യൂബ് ചാനലിലാണ് സംഭവം. കിം വിവിധതരം ഭക്ഷ്യവസ്തുക്കള്‍ അകത്താക്കുന്ന വിഡിയോകളാണ് കൂടുതലായും ഉള്ളത്. ക്യാമറയ്ക്കു മുന്നിലാണ് കഴിക്കാനുള്ള വിവിധ തരത്തിലുള്ള ഐറ്റം തുറന്ന് വെയ്ക്കുക. അതു കാണുമ്പോള്‍ തന്നെ പ്രേക്ഷകന്റെ വായില്‍ വെള്ളമൂറും. പിന്നെ ഓരോന്ന് ഓരോന്നായി ഭക്ഷിച്ച് തുടങ്ങും. ഓരോ ഭക്ഷണം കഴിക്കുമ്പോഴും അതിനെ വര്‍ണിക്കാനും മറക്കുന്നില്ലട്ടോ. ശരാശരി 20 മിനിറ്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് ഇവരുടേത്.
സംഭവം ഏതായാലും തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ്. സമൂഹമാധ്യമങ്ങളിലും മറ്റും കിം നിറഞ്ഞു. എട്ടു മാസം കൊണ്ട് 2 ലക്ഷം സബ്‌സ്‌ക്രൈബര്‍മാരെയാണ് കിം സ്വന്തമാക്കിയത്. എന്നാല്‍, സ്‌പോണ്‍സര്‍മാരും പരസ്യദാതാക്കളും കിമ്മിനു മുന്നില്‍ വിഭവം നിരത്താന്‍ വരി നിന്നതോടെ വരുമാനത്തിലും ഇരട്ടി വര്‍ധനവുണ്ടായി. യു ട്യൂബില്‍ നിന്നുള്ള പരസ്യവരുമാനത്തിനു പുറമേ സ്‌പോണ്‍സര്‍ഷിപ്പിലൂടെ കാശുവാരിത്തുടങ്ങിയപ്പോള്‍ കിം ജോലി രാജിവച്ച് ഫുള്‍ടൈം യു ട്യൂബ് ചാനലില്‍ സജീവമായി.
Discussion about this post