കൊളംബോ: ലോകത്തെ കണ്ണീരണിയിച്ച ഒന്നാണ് ശ്രീലങ്കയിലെ ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതി. 359 പേര്‍ക്കാണ് ഇതുവരെ ജീവന്‍ നഷ്ടമായത്. നിരവധി പേര്‍ക്ക് പരിക്കും ഏറ്റിട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് റിപ്പോര്‍ട്ട്. ശ്രീലങ്കയെ നടുക്കി വീണ്ടും പലയിടങ്ങളിലും ചെറു സ്‌ഫോടനങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആളപായമില്ല. എങ്കില്‍ പോലും പുറത്തിറങ്ങാനും മറ്റും സാധിക്കാതെ ഭീതിയില്‍ കഴിയുകയാണ് ജനങ്ങള്‍. ഓരോ നിമിഷവും മരണം മുന്‍പില്‍ കണ്ടാണ് ഇവിടുത്തുക്കാര്‍ ജീവിക്കുന്നത്.
ഇതിനു പിന്നാലെ ഞെട്ടിപ്പിക്കുന്ന മറ്റ് ചില റിപ്പോര്‍ട്ടുകള്‍ കൂടി എത്തിയിട്ടുണ്ട്. നിരവധി പേരുടെ ജീവന്‍ ഒറ്റ നിമിഷത്തില്‍ എടുത്ത സ്‌ഫോടനപരമ്പരയുടെ സൂത്രധാരന് ഇന്ത്യയിലും അനുയായികള്‍ ഉണ്ടെന്നാണ് പുറത്ത് വരുന്നത്. കൂടാതെ ഇവരുടെ ലക്ഷ്യത്തില്‍ കേരളവും പെട്ടിരുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്‍ഐഎയ്ക്ക് ആക്രമണ സൂചന കിട്ടിയത് ഐഎസ് കേസ് പ്രതികളില്‍ നിന്നാണെന്നാണ് വിവരം.
കോയമ്പത്തൂരില്‍ ജയിലിലാണ് ഈ ഏഴുപ്രതികള്‍ നിലവിലുള്ളത്. കേരളത്തിലുള്‍പ്പെടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഹാഷിം ലക്ഷ്യമിട്ടുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്‌ഫോടനം നടത്തിയത് മുഹമ്മദ് സഹറന്‍ മേധാവിയായ നാഷണല്‍ തൗഹീദ് ജമാഅത്താണ്. എന്‍ഐഎ ഈ വിഭാഗത്തിന് മേല്‍ ശക്തമായ നിരീക്ഷണം നടത്തിവരികയായിരുന്നു. ഇതിനിടെയാണ് ഞെട്ടിപ്പിക്കുന്ന പുതിയ വിവരങ്ങള്‍ പുറത്ത് വരുന്നത്. കേസിന്റെ ഭാഗമായി തിരുവനന്തപുരത്തും റെയ്ഡ് നടന്നിരുന്നു.