കൊളംബോ: ശ്രീലങ്കയെ ഈസ്റ്റര്‍ ദിനത്തില്‍ പിടിച്ചു കുലുക്കിയ സ്ഫോടനങ്ങള്‍ക്ക് കാരണം സുരക്ഷാ വീഴ്ച്ചയാണെന്ന് സമ്മതിച്ച് ശ്രീലങ്ക. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചിട്ടും ഇതിനെതിരെ നടപടികള്‍ സ്വീകരിക്കാതെ സുരക്ഷാ വീഴ്ചക്ക് ഉത്തരവാദികളായ ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുത്തു തുടങ്ങി.
പ്രസിഡന്റ് മൈത്രിപാല സിരിസേന പോലീസ് മേധാവിയോടും പ്രതിരോധ സെക്രട്ടറിയോടും രാജിവെക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. കൊളംബോയില്‍ ഭീകരാക്രമണ സാധ്യതയുള്ളതായി എന്‍ഐഎ അടക്കമുള്ള സുരക്ഷാ ഏജന്‍സികള്‍ ശ്രീലങ്കയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പ് പരിഗണിക്കാത്തതിനാണ് ഇവര്‍ക്കെതിരെ ഇപ്പോള്‍ നടപടി എടുത്തിരിക്കുന്നത്. ഇന്നലെ മന്ത്രി ലക്ഷമണ് കിരിയേലയും ഉദ്യോഗസ്ഥര്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. ഭീകരാക്രമണ മുന്നറിയിപ്പ് ലഭിച്ചത് ചില മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ മറച്ചുവെച്ചെന്നും സെക്യുരിറ്റി കൗണ്‍സില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
അതേ സമയം ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയും പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെയും തമ്മിലുള്ള തര്‍ക്കമാണ് സുരക്ഷാ കാര്യത്തില്‍ വീഴ്ച്ച വരുത്തിയതെന്ന വിമര്‍ശനം ഉയരുന്നുണ്ട്. ഒമ്പത് ഇടങ്ങളിലായി നടന്ന സ്ഫോടനത്തില്‍ 359 പേരാണ് കൊല്ലപ്പെട്ടത്.
Discussion about this post