കൊളംബോ: ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയെ പിടിച്ചു കുലുക്കിയ സ്‌ഫോടനത്തില്‍ 359 പേരാണ് കൊല്ലപ്പെട്ടത്. അതേസമയം നേരത്തേ തന്നെ ഭീകരാക്രമണ സാധ്യതയെക്കുറിച്ച് മുന്നറിയിപ്പ് കിട്ടിയിട്ടും ഉന്നത അധികാരികള്‍ അത് മറച്ചുവെച്ചുവെന്ന ആരോപണവുമായി ശ്രീലങ്കന്‍ മന്ത്രി രംഗത്ത്.
ശ്രീലങ്കന്‍ മന്ത്രി ലക്ഷ്മണ്‍ കിരിയെലയാണ് ഉന്നത അധികാരികള്‍ക്കെതിരെ രൂക്ഷ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഭീകരാക്രമണത്തെ കുറിച്ച് സുരക്ഷാ ഏജന്‍സികള്‍ നല്‍കിയ വിവരങ്ങള്‍ ചില ഉന്നത അധികാരികള്‍ മനഃപൂര്‍വം മറച്ചുവെച്ചു. ആക്രമണ മുന്നറിയിപ്പുണ്ടായിരുന്നു, എന്നാല്‍ അധികാരികള്‍ വേണ്ടത്ര പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെന്നും ലക്ഷ്മണ്‍ പാര്‍ലെമെന്റില്‍ ആരോപിച്ചു.
ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളുമാണ് സ്‌ഫോടനം ഉണ്ടായത്. അതേസമയം ശ്രീലങ്കയിലെ പള്ളികളും പഞ്ചനക്ഷത്ര ഹോട്ടലുകളു ലക്ഷ്യം വച്ച് ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന വിവരം ഏപ്രില്‍ നാലിന് തന്നെ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നല്‍കിയിരുന്നു. ഏപ്രില്‍ 7 ന് പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ നേതൃത്വത്തില്‍ സുരക്ഷാ കൗണ്‍സില്‍ യോഗം ചേര്‍ന്നെങ്കിലും ഇത് സംബന്ധിച്ച വിവരങ്ങള്‍ ഒന്നും ഉന്നത അധികാരികള്‍ പങ്കുവെച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സുരക്ഷാ കൗണ്‍സില്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ഉന്നത ഉദ്യോഗസ്ഥരെ ആരോ നിയന്ത്രിക്കുകയാണെന്നും ഇത് സംബന്ധിച്ച് അന്വേഷണം ആവശ്യമാണെന്നും ലക്ഷ്മണ്‍ പറഞ്ഞു.