കൊളംബോ: ‘എന്റെ കാലശേഷം എന്റെ നാലു മക്കള്‍ സ്‌കോട്ട്‌ലാന്റിനെ വീണ്ടും പച്ചപ്പുനിറഞ്ഞതാക്കും’ അവധിക്കാലം അടിച്ചുപൊളിക്കാന്‍ പ്രിയപ്പെട്ട നാല് മക്കളെയും ശ്രീലങ്കയിലേയ്ക്ക് പറഞ്ഞ് അയച്ചപ്പോള്‍ ഡാനിഷ് ശതകോടീശ്വരനായ ആന്‍ഡേഴ്സ് ഹോള്‍ഷ് പോള്‍സണ്‍ അറിഞ്ഞിരുന്നില്ല ആ യാത്ര വലിയ ദുരന്തത്തിലേയ്ക്ക് ആയിരുന്നുവെന്ന്.
ഈസ്റ്റര്‍ ദിനത്തിലെ ശ്രീലങ്കയിലെ കൂട്ടക്കുരുതിയില്‍ ആന്‍ഡേഴ്സ് ഹോള്‍ഷ് പോള്‍സണിന്റെ നാല് മക്കളില്‍ മൂന്നു പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്. ക്രിസ്ത്യന്‍ പള്ളികളില്‍ ഉള്‍പ്പടെ എട്ട് ഇടങ്ങളിലാണ് സ്‌ഫോടനം ഉണ്ടായത്. ഇതുവരെ 310 പേരാണ് മരിച്ചത്. കുഞ്ഞു കുട്ടികള്‍ ഉള്‍പ്പടെയാണ് കൂട്ടക്കുരുതിയില്‍ ഇരകളായത്. തന്റെ സമ്പത്തുക്കളെല്ലാം നാലുമക്കള്‍ക്കായി വീതിച്ചു നല്‍കാനായിരുന്നു അദ്ദേഹത്തിന്റെ പ്ലാന്‍. എന്നാല്‍ വിധി അദ്ദേഹത്തിന്റെ എല്ലാ സ്വപ്‌നങ്ങളും തകര്‍ത്ത് എറിയുകയായിരുന്നു. അല്‍മ, ആസ്ട്രിഡ്, ആഗ്‌നസ്, ആല്‍ഫ്രെഡ് എന്നിങ്ങനെ നാല് മക്കളാണ് ആന്‍ഡേഴ്സിനും ആനിനും. അവരില്‍ ആരൊക്കെയാണ് സ്ഫോടനത്തില്‍ മരിച്ചതെന്ന വിവരം ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.
ഡാനിഷ് വംശജനായ പോള്‍സണ്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂപ്രഭുക്കന്മാരില്‍ ഒരാളാണ്. ജന്മനാട് ഡെന്മാര്‍ക്ക് ആണ്, എന്നാല്‍ അദ്ദേഹത്തിന്റെ ബിസിനസ് സ്ഥാപനങ്ങള്‍ എല്ലാം തന്നെ സ്‌കോര്‍ട്ട്‌ലാന്റിലാണ്. ബെസ്റ്റ്സെല്ലര്‍ എന്ന ഒരു റീട്ടെയില്‍ സ്ഥാപനം അദ്ദേഹത്തിന്റെയാണ്. അസോസ് എന്ന സ്ഥാപനത്തിലും അദ്ദേഹത്തിന് കാര്യമായ നിക്ഷേപങ്ങളുണ്ട്. ജാക്ക് ആന്‍ഡ് ജോണ്‍സ്, വെറോ മോഡ തുടങ്ങിയ ബുട്ടീക് ചെയിനുകളും അദ്ദേഹത്തിന്റേതാണ്.
കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അദ്ദേഹം സ്‌കോട്ട്‌ലാന്‍ഡില്‍ ഭൂമി വാങ്ങിക്കൂട്ടുകയായിരുന്നു. ഏകദേശം 2,20.000 ഏക്കര്‍ ഭൂമിയാണ് അദ്ദേഹത്തിന് സ്വന്തമായി ഉണ്ടായിരുന്നത്. തന്റെ കൈവശമുള്ള 12 സ്റ്റേറ്റുകളിലായി പടര്‍ന്നു കിടന്നിരുന്ന ഈ ഭൂമിയില്‍, 200 വര്‍ഷം കൊണ്ട് നടപ്പിലാക്കാന്‍ പോന്ന ‘റീ-വൈല്‍ഡിങ്ങ്’ പ്രൊജക്ടായിരുന്നു അദ്ദേഹത്തിന്റെ സ്വപ്നപദ്ധതി. സ്‌കോര്‍ട്ട്‌ലാന്റില്‍ ആദ്യകാലങ്ങളില്‍ ഉണ്ടായിരുന്ന, എന്നാല്‍ മനുഷ്യരുടെ ഇടപെടല്‍ കൊണ്ട് നാമാവശേഷമായി കാടുകളും, അരുവികളും, തണ്ണീര്‍ത്തടങ്ങളുമെല്ലാം തങ്ങള്‍ പുനഃസ്ഥാപിക്കും എന്നും, തങ്ങളുടെ കാലശേഷം അത് തങ്ങളുടെ മക്കള്‍ ഏറ്റെടുക്കും എന്നും അദ്ദേഹം പറഞ്ഞിരുന്നു. ഈ സ്വപ്‌നങ്ങളാണ് ചീട്ട് കൊട്ടാരത്തിന് സമാനമായി പൊലിഞ്ഞ് പോയത്. അഞ്ചര ബില്യണ്‍ പൗണ്ടില്‍ അധികമാണ് ഇന്ന് അദ്ദേഹത്തിന്റെ ആസ്തി.
മൂത്തവളായ അല്‍മ ഏതാനും ദിവസം മുമ്പ് ഇളയ മൂന്നു പേരുടെയും ചിത്രങ്ങള്‍ ‘Three Bears’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിരുന്നു. ഈ ചിത്രങ്ങള്‍ കാണുമ്പോള്‍ കണ്ണീര്‍ അണിയുകയാണ് ലോകം. ആന്‍ഡേഴ്സിന്റെ ബിസിനസ് സ്ഥാപനമായ ബെസ്റ്റ് സെല്ലറിന്റെ ഹെഡ് ക്വാര്‍ട്ടേഴ്‌സിന് മുന്നില്‍ ആ കുഞ്ഞുങ്ങളുടെ വിയോഗത്തില്‍ അനുശോചിച്ചുകൊണ്ടുള്ള പുഷ്പങ്ങളും മെഴുകുതിരികളും അര്‍പ്പിക്കുകയാണ് കണ്ണീരോടെ നാട്ടുകാര്‍.