ന്യൂഡല്‍ഹി: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ സ്ഫോടനപരമ്പരയില്‍ കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ എണ്ണം എട്ടായി. ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചതായി ശ്രീലങ്ക അറിയിച്ചെന്ന് കര്‍ണാടക മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമി സ്ഥിരീകരിച്ചു. ട്വിറ്റര്‍ വഴിയാണ് വിവരമറിയിച്ചത്. മരിച്ച എട്ടാമത്തെ വ്യക്തി കര്‍ണാടക സ്വദേശിയാണെന്നും പേര് ഹനുമയ്യ ശിവകുമാര്‍ എന്നാണെന്നും കുമാരസ്വാമി വ്യക്തമാക്കി. സ്‌ഫോടനത്തിന് പിന്നാലെ ഇയാളെ കാണാതായിരുന്നു.
വെമുറൈ തുളസീറാം, എസ്ആര്‍ നാഗരാജ് എന്നീ ഇന്ത്യക്കാര്‍ മരിച്ചതായി തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം തിരിച്ചറിഞ്ഞിരുന്നു. ഹനുമന്തരായപ്പ, എം രംഗപ്പ, ലക്ഷ്മി നാരായണ്‍, ചന്ദ്രശേഖര്‍, ലക്ഷ്മണ ഗൗഡ രമേശ് എന്നിവരെ നേരത്തേ തിരിച്ചറിഞ്ഞിരുന്നു. ഇതില്‍ രമേശ്, ലക്ഷ്മി നാരായണ്‍, രംഗപ്പ്, ഹനുമന്തരായപ്പ എന്നിവര്‍ ജെഡിഎസ് പ്രവര്‍ത്തകരാണ്. ജെഡിഎസ് നേതാവ് കൂടിയായ കുമാരസ്വാമിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. സ്ഫോടനത്തില്‍ കാസര്‍കോട് സ്വദേശിയായ ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയും കൊല്ലപ്പെട്ടിരുന്നു.
സ്ഫോടനപരമ്പരയെത്തുടര്‍ന്ന് ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അര്‍ധരാത്രി മുതലാണ് അടിയന്തരാവസ്ഥ നിലവില്‍ വരുന്നത്.