കൊളംബോ: ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ ഈസ്റ്റര്‍ ദിനത്തില്‍ നടന്ന സ്ഫോടന പരമ്പരയില്‍ കൊല്ലപ്പെട്ട കാസര്‍കോട് മൊഗ്രാല്‍പുത്തൂര്‍ സ്വദേശിനി റസീനയുടെ മൃതദേഹം ഇന്ന് ശ്രീലങ്കയില്‍ത്തന്നെ സംസ്കരിക്കും. ബന്ധുക്കളാണ് തീരുമാനം അറിയിച്ചത്. ശ്രീലങ്കന്‍ പൗരത്വമുള്ള റസീനയുടെ മൃതദേഹം കേരളത്തില്‍ കൊണ്ടുവരുവാനുള്ള എല്ലാ സഹായവും ലഭ്യമാക്കാമെന്ന് നോര്‍ക്ക അധികൃതര്‍ ബസുക്കളെ അറിയിച്ചിരുന്നു. ഇക്കാര്യത്തില്‍ നോര്‍ക്ക അധികൃതര്‍ ഹൈക്കമ്മീഷണറുമായും ബന്ധുക്കളുമായും നിരന്തരം ബന്ധപ്പെടുകയും ചെയ്തു. എന്നാല്‍ സംസ്കാരം ശ്രീലങ്കയില്‍ തന്നെ സംസ്കരിക്കാന്‍ ബന്ധുക്കള്‍ നിശ്ചയിക്കുകയായിരുന്നു.
റസീന ദുബായിയിലായിരുന്നു ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ കുക്കാടിനും കുടുംബത്തോടൊപ്പം സ്ഥിരതാമസം. ബന്ധുക്കളെ കാണാനായി ശ്രീലങ്കയിലേക്ക് ഒരാഴ്ച മുമ്പ് എത്തിയതിനിടെയാണ് അപകടമുണ്ടായത്. റസീനയുടെ പിതാവ് പിഎസ് അബ്ദുല്ലയും ബന്ധുക്കളും വര്‍ഷങ്ങള്‍ക്ക് മുമ്പ് കാസര്‍കോട്ടു നിന്നും ശ്രീലങ്കയിലേക്ക് കുടിയേറിയതാണ്. ശ്രീലങ്കയില്‍ ഭീകരാക്രമണം നടന്ന ഷാംഗ് റിലാ ഹോട്ടലിലായിരുന്നു ഇവര്‍ താമസിച്ചിരുന്നത്.
മടങ്ങുന്നതിന് തൊട്ടുമുന്‍പാണ് സ്ഫോടനമുണ്ടായതും റസീന കൊല്ലപ്പെടുന്നതും. ഭര്‍ത്താവ് അബ്ദുല്‍ ഖാദര്‍ തലേദിവസം ദുബായിയിലേക്ക് തിരിച്ചിരുന്നു. ദുബായ് വിമാനത്താവളത്തില്‍ വച്ചാണ് ഇദ്ദേഹം സ്ഫോടന വിവരം അറിയുന്നത്. റസീനയെ കൂടാതെ ലക്ഷ്മി നാരായണ്‍ ചന്ദ്രശേഖര്‍, രമേഷ് എന്നീ ഇന്ത്യക്കാരും ആക്രമണത്തില്‍ മരിച്ചിരുന്നു.
Discussion about this post