ന്യൂയോര്‍ക്ക്: ലൈംഗികാതിക്രമ പരാതികളില്‍ ഗൂഗിളിന്റെ ഭാഗത്തു നിന്നും കര്‍ശന നടപടികളുണ്ടായില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ പ്രതിഷേധം കനക്കുന്നു. ആഗോളവ്യാപകമായി ഗൂഗിളിലെ ജീവനക്കാര്‍ വ്യാഴാഴ്ച്ച പ്രതിഷേധ ഇറങ്ങിപ്പോക്ക് നടത്തി. പ്രാദേശിക സമയം പതിനൊന്നു മണിക്കായിരുന്നു ഓരോ ഗൂഗിള്‍ ഓഫീസുകളിലേയും ജീവനക്കാര്‍ പ്രതിഷേധിച്ചത്.
സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ തടയുന്നതിന് ഗൂഗിളിന്റെ നയങ്ങളില്‍ തന്നെ കാതലായ മാറ്റം വരുത്തണമെന്നാണ് ജീവനക്കാരുടെ പ്രധാന ആവശ്യം. ഇത്തരം പരാതികളെ സ്ഥാപനം കൈകാര്യം ചെയ്യുന്ന രീതിയോടും എതിര്‍പ്പ് ഏറെയാണ്. പ്രത്യേകിച്ച് ഗൂഗിള്‍ ജീവനക്കാര്‍ക്കിടയിലെ പ്രശ്നം സ്ഥാപനത്തിനുള്ളില്‍ പരിഹരിക്കാന്‍ ശ്രമിക്കണമെന്ന വ്യവസ്ഥയാണ് പ്രധാനമായും വിമര്‍ശിക്കപ്പെടുന്നത്. ഈ വ്യവസ്ഥ പലപ്പോഴും പീഡനം നടത്തിയവര്‍ക്ക് അനുകൂലമായി മാറുന്നുവെന്നാണ് ആരോപണം.
പ്രതിഷേധം വ്യാപകമായതോടെ എല്ലാ ജീവനക്കാര്‍ക്കും ഗൂഗിള്‍ ചീഫ് എക്സിക്യൂട്ടീവ് സുന്ദര്‍ പിച്ചെ ഇമെയില്‍ അയക്കുകയും ചെയ്തിരുന്നു. ‘നിങ്ങളുടെ രോക്ഷവും നിരാശയും മനസിലാക്കാനാകും. ഈ വിഷയത്തില്‍ ആവശ്യമായ നടപടികളെടുക്കാന്‍ സ്ഥാപനം ബാധ്യസ്ഥമാണ്. ഗൂഗിളിലും മാറ്റം വരും’ എന്നായിരുന്നു സുന്ദര്‍പിച്ചെയുടെ മെയിലിലെ ഒരു ഭാഗം.
Discussion about this post