ഹോട്ടലില്‍ നിന്നിറങ്ങി അല്‍പ്പസമയത്തിനകം പൊട്ടിത്തെറി; ശ്രീലങ്കയിലെ സ്ഫോടനത്തില്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ അമ്പരപ്പ് പങ്കുവെച്ച് രാധിക ശരത്കുമാര്‍

ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമാണ് ഞെട്ടിക്കുന്ന സ്‌ഫോടനം ഉണ്ടായത്.

കൊളംബോ: ഒറ്റ ദിവസത്തില്‍ നടന്ന എട്ട് സ്‌ഫോടനത്തില്‍ വിറച്ചിരിക്കുകയാണ് ശ്രീലങ്ക. അപ്രതീക്ഷിത ആക്രമണത്തില്‍ 150ലധികം ആളുകളാണ് മരിച്ചു വീണത്. ഈസ്റ്റര്‍ ദിനത്തിലെ കൂട്ടക്കുരുതിയില്‍ രാജ്യം ഒന്നടങ്കം തേങ്ങുകയാണ്. കൊല്ലപ്പെട്ടവരില്‍ ഒരു മലയാളിയും ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം. 500ലധികം ആളുകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.

ഈ സാഹചര്യത്തില്‍ അപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന്റെ അനുഭവം പങ്കുവെച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി രാധിക ശരത്കുമാര്‍. ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലുമാണ് ഞെട്ടിക്കുന്ന സ്‌ഫോടനം ഉണ്ടായത്. ശ്രീലങ്ക സന്ദര്‍ശിക്കാന്‍ പോയ രാധിക താമസിച്ചിരുന്നത് സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലിലായിരുന്നു. താന്‍ ഹോട്ടലില്‍ നിന്നിറങ്ങി കുറച്ച് സമയത്തിനുള്ളിലാണ് ബോംബാക്രമണം നടന്നതെന്ന് രാധിക പറയുന്നു.

ആക്രമണത്തെ അപലപിക്കുന്നുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു. ട്വിറ്ററിലൂടെയാണ് താരം തന്റെ അനുഭവം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ആക്രമണം നടന്ന ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ് സ്ഥിതി ചെയ്യുന്നത്. പ്രാദേശിക സമയം 8.45 ഓടെയാണ് സ്‌ഫോടനം നടന്നത്. മരണ സംഖ്യയെക്കുറിച്ച് കൃത്യമായ വിവരങ്ങളൊന്നും ഇതുവരെയും പുറത്ത് വിട്ടിട്ടില്ല.

Exit mobile version