അഹമ്മദാബാദ്: ഇന്ത്യന്‍ സേന നടത്തിയ പാകിസ്താന്‍ ബലാക്കോട്ടിലെ വ്യോമാക്രമണത്തില്‍ ഒരു പാകിസ്താന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന കേന്ദ്രമന്ത്രി സുഷമാ സ്വരാജിന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി പാകിസ്താന്‍ സൈന്യം. ഒടുവില്‍ സത്യം പുറത്തുവന്നെന്നാണ് പാകിസ്താന്‍ സേനാ വക്താവ് മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ പ്രതികരിച്ചത്. ഇനി 2016 ല്‍ ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന്റെ കള്ളവും പൊളിയുമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
‘ഒടുവില്‍ സത്യം മറനീക്കി പുറത്തുവന്നിരിക്കുന്നു. ഇനി ഇന്ത്യ നടത്തിയെന്ന് അവകാശപ്പെടുന്ന സര്‍ജിക്കല്‍ സ്ട്രൈക്കിന് പിന്നിലെ വ്യാജ അവകാശവാദം കൂടി പുറത്തുവരേണ്ടതുണ്ട്. ഒപ്പം പാകിസ്താനാന്റെ എഫ് 16 ഫൈറ്റര്‍ ജെറ്റ് വെടിവെച്ചിട്ടെന്ന ഇന്ത്യയുടെ അവകാശവാദവും തെറ്റായിരുന്നെന്ന് തെളിയും അധികം വൈകാതെ.’- എന്നായിരുന്നു ആസിഫ് ഗഫൂറിന്റെ ട്വീറ്റ്.
കഴിഞ്ഞ ദിവസം അഹമ്മദാബാദില്‍ സംസാരിക്കവെയാണ് പാകിസ്താനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ വ്യോമാക്രമണത്തില്‍ ഒരു പാകിസ്താന്‍ പൗരന്‍ പോലും കൊല്ലപ്പെട്ടിട്ടില്ലെന്ന് സുഷമാ സ്വരാജ് പറഞ്ഞത്.