ലണ്ടന്‍: പെണ്ണിന്റെ വയറ്റില്‍ ജീവന്റെ ഒരു തുടിപ്പെത്തിയാല്‍ അത് ആഘോഷമാക്കും കുടുംബവും പെണ്ണിന്റെ ഭര്‍ത്താവും. നമുക്കിടയില്‍ ഗര്‍ഭകാലം ആസ്വദിക്കുന്നവരും കൂടുതലാണ്. ചിലര്‍ ഫോട്ടോ ഷൂട്ട് നടത്തിയും ചിലര്‍ യാത്രകള്‍ ചെയ്തും മറ്റ് ചിലര്‍ ഡാന്‍സുകള്‍ തുടങ്ങിയ കാര്യങ്ങളില്‍ ഏര്‍പ്പെട്ട് ഗര്‍ഭകാലം ഗംഭീരമാക്കും. എന്നാല്‍ ലണ്ടനിലെ 24കാരിയായ ഷാര്‍ലറ്റ് ദുബാര്‍ഡിന്റെ ഗര്‍ഭകാലം അതി വ്യത്യസ്തമായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിക്കുന്നത് തന്നെയെന്ന് എടുത്ത് പറയേണ്ടതായി വരും. അത്രയ്ക്ക് സംഭവ ബഹുലമാണ്.
ലണ്ടനിലെ ഒരു ഹോട്ടലില്‍ ഭക്ഷണം വിളമ്പലാണ് ഷാര്‍ലറ്റിന്റെ ജോലി. വീട്ടിലെ ബാത്ത് ടബ്ബില്‍ സോപ്പും പതപ്പിച്ചുകൊണ്ട് കുളിച്ചുകൊണ്ടിരിക്കെയാണ് പെട്ടെന്ന് അടിവയറ്റില്‍ വേദനയും അസ്വാഭാവികമായ എന്തിലൊക്കെയോ ചലനങ്ങളും അസഹ്യമായ വേദനയും ഒക്കെ അനുഭവപ്പെട്ടത്. തന്റെ ഫോണ്‍ കൈയ്യിലെടുത്ത് എന്താണ് പ്രശ്‌നമെന്ന് ക്യാമറയിലൂടെ നോക്കുമ്പോഴാണ് അടിവയറ്റിനു താഴെ നിന്നും പുറത്തേക്ക് തള്ളി വരുന്ന ഒരു കുഞ്ഞിന്റെ തല കണ്ടത്. ആദ്യം അവള്‍ അമ്പരന്നു. ശേഷം മടിച്ചു നില്‍ക്കാതെ ടോയ്‌ലറ്റ് കബോര്‍ഡില്‍ സൂക്ഷിച്ചിരുന്ന ഫസ്റ്റ് എയിഡ് കിറ്റില്‍ നിന്നും കത്രികയെടുത്ത് എങ്ങനെയോ പൊക്കിള്‍ക്കൊടി മുറിച്ച് കുഞ്ഞിനെ കൈയ്യിലെടുത്തു. ഏറെ അമ്പരപ്പിക്കുന്നത് മറ്റൊന്നാണ്. ഗര്‍ഭിണിയാണെന്ന കാര്യം ഷാര്‍ലറ്റിന് അറിയില്ല എന്നതായിരുന്നു.
രണ്ട് വര്‍ഷമായി 28കാരനായ ബോയ്ഫ്രണ്ട് മിഗ്വേല്‍ ഏയ്ഞ്ചലുമൊത്താണ് ഷാര്‍ലറ്റ് ജീവിക്കുന്നത്. ഇതിനിടെയാണ് ഗര്‍ഭിണിയായത്. എന്നാല്‍ ഗര്‍ഭം ധരിച്ചതിന്റെ യാതൊരു ലക്ഷണവും ഉണ്ടായിരുന്നില്ല. അതാണ് ഷാര്‍ലറ്റിനെയും അമ്പരപ്പിച്ചത്. കുളിമുറിയില്‍ പ്രസവം നടത്തിയ ശേഷം അവള്‍ ഉടനെ ഫോണെടുത്ത് ഉടന്‍ മിഗ്വേലിനെ വിളിച്ചുവരുത്തി. പാഞ്ഞെത്തിയ മിഗ്വേലിന്റെ ശ്രദ്ധയില്‍ ആദ്യം പെട്ടത് തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെയാണ്. അവളുടെ കൈയ്യില്‍ പെട്ടെന്നൊരു തുണിയില്‍ പൊതിഞ്ഞ കുഞ്ഞിനെ കണ്ടപ്പോള്‍ അവന്‍ ആദ്യം അവനെ ചീത്തവിളിച്ചു. ‘തെരുവില്‍ നിന്നും ഏതെങ്കിലും കൊച്ചിനെയും എടുത്തുകൊണ്ട് വന്നതെന്തിനെ’ന്നും ചോദിച്ചായിരുന്നു കയര്‍ത്തത്. പതിയെ അവള്‍ മിഗ്വേലിനെ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കി.
കഴിഞ്ഞ നാലഞ്ച് മാസം കൊണ്ട് തന്റെ ശരീര ഭാരം നാലഞ്ച് കിലോ കൂടിയത് തന്റെ ക്രമമില്ലാത്ത ഭക്ഷണം കഴിക്കല്‍ കൊണ്ടാവാം എന്നാണ് ധരിച്ചിരുന്നത്. മധുരത്തോടുള്ള കൊതി കൂടിയതും ഭക്ഷണത്തിന്റെ അളവ് കൂടിയതും അവള്‍ കാര്യമാക്കിയിരുന്നില്ല. അപ്രതീക്ഷിത പ്രസവും കഴിഞ്ഞപ്പോഴാണ് സംഭവത്തിന്റെ സത്യസ്ഥിതി വെളിപ്പെട്ടത്. ഇതിനു മുമ്പ് അവള്‍ പ്രസവിച്ചിട്ടില്ല. ആരുടേയും പ്രസവ മുറിയ്ക്കുള്ളില്‍ കൂട്ടിരുന്നിട്ടില്ല എന്നിട്ടും പൊക്കിള്‍ക്കൊടി കൃത്യമായി മുറിച്ചതാണ് ഏവരെയും അമ്പരപ്പിച്ചത്. പ്രസവം കഴിഞ്ഞ് അവശനിലയിലായ അവളെയും കുഞ്ഞിനെയും കൊണ്ട് ടാക്‌സിയില്‍ അടുത്തുള്ള ആശുപത്രിയിലേക്ക് മിഗ്വേല്‍ എത്തിച്ചു. ഉടനെ ഇരുവരെയും ഇന്റന്‍സീവ് കെയര്‍ യൂണിറ്റിലേക്ക് മാറ്റുകയായിരുന്നു.
ബാത്ത് ടബ്ബില്‍ വെച്ച് അപ്രതീക്ഷതമായി പേറ്റുനോവുണ്ടായതില്‍ പിന്നെ താന്‍ ചെയ്തുകൂട്ടിയതൊക്കെയും തന്റെ ജന്മവാസന കൊണ്ട് മാത്രമായിരുന്നു എന്ന് ഷാര്‍ലറ്റ് പറഞ്ഞു. സ്വന്തം പ്രസവം അവള്‍ ആരുടേയും സഹായമില്ലാതെ തന്റെ ബാത് ടബ്ബില്‍ സാധിച്ചു എന്ന് പറഞ്ഞിട്ട് ആശുപത്രിക്കാര്‍ പോലും വിശ്വസിക്കുന്നില്ലെന്ന് ഷാര്‍ലറ്റ് കൂട്ടിച്ചേര്‍ത്തു. അങ്ങനെ വിളിക്കാതെ വന്ന ആ കുഞ്ഞിന് അവര്‍ ‘ഏലിയാസ്’ എന്നും പേരിട്ടു. മൂന്നേകാല്‍ കിലോ ഭാരമുള്ള അവന്‍ തീര്‍ത്തും ആരോഗ്യവാനായിരുന്നു. ഗര്‍ഭമുണ്ടായത് അറിയാതെ പതിവായി മദ്യപിക്കുകയും, പുകവലിക്കുകയും, ദിവസവും പത്തും പതിനാലും മണിക്കൂര്‍ വീതം ഓവര്‍ടൈം ജോലികള്‍ ചെയ്യുകയും, ലൈംഗിക ബന്ധത്തിലേര്‍പ്പെടുകയും ചെയ്തു. എന്നിട്ടും കുഞ്ഞ് അതിനെയെല്ലാം അതിജീവിച്ചത് അമ്പരപ്പ് ഉളവാക്കുന്നതാണെന്നാണ് ഡോക്ടര്‍മാരും പറയുന്നത്.
തന്റെ കൈയ്യില്‍ ഇരിക്കുന്നത് സ്വന്തം കുഞ്ഞാണെന്ന ബോധ്യം അവള്‍ക്ക് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അതിന് ആശുപത്രിയിലെത്തും വരെ ഒന്ന് മുലകൊടുക്കാന്‍ പോലും അവള്‍ തയ്യാറായിരുന്നില്ല. അപ്രതീക്ഷിതമായി സംഭവിച്ച ആ പ്രസവം ഷാര്‍ലറ്റിനെ മാനസികമായും ശാരീരികമായും തളര്‍ത്തിയിരുന്നു. ആശുപത്രിയില്‍ അവര്‍ ഒരു വെള്ളത്തുണിയില്‍ പൊതിഞ്ഞ് കുഞ്ഞ് ഏലീയാസിന്റെ അരികില്‍ കൊണ്ടു വന്നു കിടത്തി പാലുകൊടുക്കാന്‍ ആവശ്യപ്പെട്ടപ്പോഴാണ് താനൊരു അമ്മയാണ് എന്ന ബോധ്യത്തിലേക്ക് ഷാര്‍ലറ്റ് ഉണരുന്നത്.
‘നോക്ക്.. അവന് നിന്റെ അതേ മൂക്കല്ലേ..’ എന്ന് മിഗ്വേല്‍ അവളെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞപ്പോഴാണ്, അത് തന്റെ കുഞ്ഞാണ് എന്നുള്ള സത്യം അവളുടെ മനസ്സിലേക്ക് പൂര്‍ണ്ണമായും വരച്ചു ചേര്‍ത്തത്. താന്‍ ഗര്‍ഭിണിയാണ് എന്നറിയാതെ അവള്‍ ഗര്‍ഭനിരോധ ഗുളികകള്‍ പോലും ഇടയ്ക്കിടെ കഴിച്ചുകൊണ്ടിരുന്നുവെന്ന് ഷാര്‍ലറ്റ് വെളിപ്പെടുത്തി. അത് തന്റെ കുഞ്ഞിനെ മോശമായി ബാധിച്ചുകാണുമോ എന്നുള്ള ഭയം ഷാര്‍ലറ്റിനെ ഇപ്പോള്‍ അലട്ടുന്നുണ്ട്. ഷാര്‍ലറ്റിനെ അതിശയപ്പെടുത്തുന്ന മറ്റൊരു കാര്യം ഇതിനിടയില്‍ ഉണ്ടായി. ഗര്‍ഭമുണ്ടായിരുന്ന കാലയളവിലും കൃത്യമായ ആര്‍ത്തവം ഉണ്ടായിരുന്നതായി തോന്നിയിരുന്നുവെന്ന് ഷാര്‍ലറ്റ് പറയുന്നു. വയറുവേദനയും മറ്റും ഇടയ്ക്കിടെ ഉണ്ടായിരുന്നെങ്കിലും അതൊക്കെ ആര്‍ത്തവകാലത്ത് പതിവുള്ള ബുദ്ധിമുട്ടുകളായി അവഗണിക്കുകയായിരുന്നുവെന്നും ഷാര്‍ലറ്റ് പറയുന്നു.
ഗര്‍ഭനിരോധ ഗുളികകള്‍ കഴിക്കുന്നത് പതിവായിരുന്നു, ഇടക്ക് എപ്പോഴോ ഒന്നോ രണ്ടോ തവണ മാത്രം കഴിക്കാന്‍ മറന്നുപോയിട്ടുണ്ടെന്നും, അതിന്റെ ഫലമാവും ഈ സംഭവവികാസങ്ങളെന്നും ഷാര്‍ലറ്റ് കൂട്ടിച്ചേര്‍ത്തു. ദൈവത്തിന്റെ നേരിട്ടുള്ള ഇടപെടലെന്നാണ് ഷാര്‍ലറ്റും മിഗ്വേലും പ്രതികരിച്ചു. ഒരു കുഞ്ഞുമാലാഖയെ തങ്ങളുടെ മക്കളുടെ ജീവിതത്തിലേക്ക് ദൈവം തന്നെ പറഞ്ഞുവിട്ടതാവും എന്ന് ഇരുവരും പറയുന്നു. ഓര്‍ത്തിരിക്കാതെ അച്ഛനമ്മമാരായ രണ്ടു കുഞ്ഞുങ്ങളെയും സാമ്പത്തികമായി സഹായിക്കാന്‍ അവരുടെ അച്ഛനമ്മമാര്‍ തന്നെ ഒരു ‘GoFundMe ‘ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അതിലൂടെ അവര്‍ക്ക് ലോകമെമ്പാടും നിന്ന് സഹായങ്ങളും വന്നുകൊണ്ടിരിക്കുകയാണ്.
പ്രകടമായ ലക്ഷണങ്ങളോ അസ്വസ്ഥതകളോ ഇല്ലാത്ത രീതിയില്‍ സംഭവിക്കുന്ന ഗര്‍ഭങ്ങള്‍ ഏറെ അപൂര്‍വമായ ഒരു പ്രതിഭാസമാണ്. ലണ്ടനിലെ റോയല്‍ കോളേജ് ഓഫ് മിഡ് വൈവ്‌സ് നടത്തിയ പഠനത്തില്‍ വെളിപ്പെട്ടത് യുകെയില്‍ നടക്കുന്ന 2500 പ്രസവങ്ങളില്‍ ഒന്ന് ഇത്തരത്തിലുള്ള ഗര്‍ഭധാരണത്തിന് ഫലമായി നടക്കുന്നതാണെന്നാണ്.