അമ്മ മരിച്ചതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു; സ്വപ്‌നത്തിന് അതിരുകളില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ട് 99-ാം വയസ്സില്‍ ഈ മുത്തശ്ശി വീണ്ടും സ്‌കൂളിലേയ്ക്ക്

കുട്ടിക്കാലത്ത് അപ്രതീക്ഷിതമായാണ് അമ്മ മരിച്ചത്. ശേഷം കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങളാല്‍ യുസീബിയക്ക് പാഠംപുസ്തകങ്ങളോട് ബൈ പറയേണ്ടതായി വന്നു.

ബ്യൂനസ് ഐറിസ്: അമ്മ മരിച്ചതിനെ തുടര്‍ന്ന് പഠനം പാതിവഴിയില്‍ ഉപേക്ഷിച്ച കുട്ടി 99-ാം വയസ്സില്‍ സ്‌കൂളിന്റെ പടി ഒരിക്കല്‍ കൂടി ചവിട്ടുകയാണ്. അര്‍ജന്റീനയിലെ ഒരുപാടൊരുപാട് മുതിര്‍ന്ന യുസീബിയ ലിയോനര്‍ കോര്‍ഡല്‍ ആണ് തന്റെ വാര്‍ധക്യത്തില്‍ സ്‌കൂളിന്റെ പടി ചവിട്ടുന്നത്. സ്വപ്നത്തിന് അതിരുകളില്ലെന്ന് ഉറക്കെ പറഞ്ഞുകൊണ്ടാണ് മുത്തശ്ശി വീണ്ടും പഠിക്കാന്‍ ഒരുങ്ങുന്നത്.

കുട്ടിക്കാലത്ത് അപ്രതീക്ഷിതമായാണ് അമ്മ മരിച്ചത്. ശേഷം കുടുംബത്തിലുണ്ടായ ചില പ്രശ്‌നങ്ങളാല്‍ യുസീബിയക്ക് പാഠംപുസ്തകങ്ങളോട് ബൈ പറയേണ്ടതായി വന്നു. അന്നുമുതല്‍ ഉള്ളില്‍ ഒരു വിങ്ങലായി ആ പഠനം എന്ന മോഹം അവശേഷിച്ചു. ഒടുവില്‍ 99ാം വയസ്സില്‍ അവര്‍ അതു തീരുമാനിച്ചു. കുട്ടിക്കാലത്ത് പാതിയില്‍ അവസാനിച്ച പഠനം ഒന്നില്‍ നിന്നു തുടങ്ങണം. അങ്ങനെയാണ് മുതിര്‍ന്നവര്‍ക്കു വേണ്ടിയുള്ള സ്‌കൂളില്‍ ചേര്‍ന്ന് പഠിക്കാന്‍ മുത്തശ്ശി തയാറെടുത്തത്. അങ്ങനെ പ്രൈമറി സ്‌കൂള്‍ ഫോര്‍ അഡല്‍റ്റ്‌സ് ഓഫ് ലാപ്രിഡയില്‍ ചേര്‍ന്ന് പഠനത്തിന് ആരംഭം കുറിച്ചു.

ഇപ്പോള്‍ ഒരുവര്‍ഷമായി ഒരു ദിവസം പോലും മുടങ്ങാതെ മുത്തശ്ശി സ്‌കൂളില്‍ പോകുന്നുണ്ട്. സ്‌കൂളിലെ അധ്യാപികയായ പട്രീഷയാണ് ദിവസവും രാവിലെ മുത്തശ്ശിയെ സ്‌കൂളില്‍ കൊണ്ടുപോകുന്നതും തിരിച്ച് വീട്ടിലെത്തിക്കുന്നതും. എഴുത്തും വായനയും ഒന്നുമറിയാതെ ശൂന്യമായ മനസ്സോടെയാണ് താന്‍ ആദ്യ ദിവസങ്ങളില്‍ സ്‌കൂളിലെത്തിയതെന്നും ഇപ്പോള്‍ അക്ഷരങ്ങളെഴുതാനും വായിക്കാനും പഠിച്ചതിനൊപ്പം കംപ്യൂട്ടര്‍ കൂടി പഠിച്ചെടുത്തെന്നും അഭിമാനത്തോടെ മുത്തശ്ശി പറയുന്നു. ഇപ്പോള്‍ മുത്തശ്ശിയ്ക്ക് ലോകത്തിന്റെ തന്നെ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്.

Exit mobile version