ബാങ്കോക്ക്: നടുക്കടലില്‍ നീന്തി തുടിച്ച് ജീവനോട് മല്ലടിച്ച നായക്കുട്ടിയുടെ പിന്നാലെയാണ് ഇന്ന് ലോകരാജ്യങ്ങള്‍. 220 കിലോമീറ്റര്‍ താണ്ടിയാണ് എണ്ണ ഖനനം ചെയ്യുന്ന കപ്പലിലെ തൊഴിലാളികള്‍ നായക്കുട്ടിയെ കരയ്ക്കെത്തിച്ചത്. കടലില്‍ മുങ്ങി താഴുന്ന നായക്കുട്ടിയുടെ തല മാത്രമാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ തൊഴിലാളികള്‍ നായക്കുട്ടിയെ കപ്പലിലേയ്ക്ക് കയറ്റുകയായിരുന്നു.
കടല്‍വെള്ളം കുടിച്ചതിന്റെയും ഏറെനേരം നീന്തിയതിന്റെയും ക്ഷീണമുണ്ടായിരുന്നു അവന്. വലിയ ആരോഗ്യ പ്രശ്നങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. വെള്ളവും ഭക്ഷണവും നല്‍കിയതോടെ പിന്നെ ആള് ഉഷാറായി. തൊഴിലാളികള്‍ക്കൊപ്പം അവനും കൂടി. സ്നേഹത്തോടെ അവര്‍ അവനെ ബൂണ്‍റോഡ് എന്നു വിളിച്ചു. തായ് ഭാഷയില്‍ അതിജീവിച്ചവന്‍ എന്നാണ് പേരിനര്‍ഥം.
തൊഴിലാളികള്‍ നാടുമായി ബന്ധപ്പെട്ട് അവന് കരയിലെത്തിച്ച് ചികിത്സ നല്‍കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഞായറാഴ്ചയോടെ ദക്ഷിണ തായ്ലാന്റിലെ വെറ്ററിനറി ആശുപത്രിയിലെത്തിച്ച് ചികിത്സ നല്കി. സംഭവം ലോകം മുഴുവനും പരന്നു. ബിബിസി അടക്കമുള്ള മാധ്യമങ്ങള്‍ ബൂണ്‍റോഡിനെ കുറിച്ച് എഴുതി. ഇതോടെ അവന് ലോകത്തിന്റെ താരമായി മാറി. ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്ന് അവനെ ദത്തെടുക്കാനുള്ള വാഗ്ദാനമെത്തി. മത്സ്യബന്ധനക്കാരുടെ ബോട്ടില്‍നിന്ന് വീണതാകാമെന്നാണ് നിഗമനം. ഇവന്റെ യഥാര്‍ത്ഥ ഉടമയാരാണെന്ന് ഇതുവരെ കണ്ടെത്തിയിട്ടില്ല.
Discussion about this post