പ്രിട്ടോറിയ: ചെകുത്താനും കടലിനും ഇടയില്‍ പെടുക എന്നൊരു ചൊല്ല് ഉണ്ട്. ആ ചൊല്ല് വൈറലാകുന്ന കാട്ടുപോത്തിന്റെ വീഡിയോയില്‍ സത്യമാകുന്നുമുണ്ട്. ഈ കാട്ടുപോത്ത് പെട്ടത് സിംഹത്തിനും മുതലകള്‍ക്കും നടുക്കിലാണെന്ന് മാത്രം. സൗത്ത് ആഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്നുള്ളതാണ് ദൃശ്യങ്ങള്‍.
ഒരുപറ്റം സിംഹങ്ങള്‍ ഓടിച്ചു കൊണ്ടുവന്ന കാട്ടുപോത്ത് സ്വയരക്ഷയ്ക്കായി പുഴയിലേയ്ക്ക് എടുത്ത് ചാടുകയായിരുന്നു. വെള്ളത്തിലേയ്ക്ക് സിംഹം ഇറങ്ങില്ലെന്ന ഉറപ്പിലാണ് പോത്ത് നദിയിലേയ്ക്ക് ചാടിയത്. എന്നാല്‍ എല്ലാ കണക്കു കൂട്ടലുകളും തകിടം മറഞ്ഞു. നദിയില്‍ നിറയെ മുതലുകളാണ് ഉണ്ടായിരുന്നത്..! കൂറ്റന്‍ മുതലകളാണ് കാട്ടുപോത്തിനു നേരെ പാഞ്ഞടുത്തത്. മുതല കാലുകളിലും കൊമ്പിലും ശരീരത്തിലുമെല്ലാം പിടുത്തമിട്ടെങ്കിലും മുതലയെ കുതറിയെറിഞ്ഞ് വീണ്ടും സിംഹങ്ങള്‍ കാത്തു നില്‍ക്കുന്ന കരയിലേക്ക് കയറാന്‍ കാട്ടുപോത്ത് നിര്‍ബന്ധിതനാവുകയായിരുന്നു.
ഗത്യന്തരമില്ലാതെ കരയിലേക്കു കയറിയ കാട്ടുപോത്ത് തന്നെ വളഞ്ഞ സിംഹങ്ങളെ സാഹസികമായി തുരത്തി അതിവിദഗ്ധമായി സമീപത്തു മേഞ്ഞിരുന്ന കാട്ടുപോത്തിന്‍ കൂട്ടത്തിനടുത്തെത്തി. കാട്ടുപോത്തിനെ ആക്രമിക്കാന്‍ പാഞ്ഞടുത്ത സിംഹക്കൂട്ടം കൂറ്റന്‍ കാട്ടുപോത്തുകള്‍ പാഞ്ഞുവരുന്നത് കണ്ടതോടെ സ്ഥലം കാലിയാക്കി. അങ്ങനെ പാവം കാട്ടുപോത്ത് രക്ഷപ്പെടുകയുമായിരുന്നു. ക്രൂഗര്‍ നാഷണല്‍ പാര്‍ക്കിലെത്തിയ ഒരു സംഘം വിനോദസഞ്ചാരികളാണ് അപൂര്‍വ ദൃശ്യങ്ങള്‍ നേരില്‍ കാണുകയും ക്യാമറയില്‍ പകര്‍ത്തുകയും ചെയ്തത്. ഈ അതിജീവനം അമ്പരപ്പിക്കുന്നത് എന്നു പറഞ്ഞുകൊണ്ടാണ് സംഭവം വൈറലാകുന്നത്.
Discussion about this post