ലണ്ടന്‍: വിക്കിലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ച് അറസ്റ്റില്‍. ബ്രിട്ടീഷ് പോലീസാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. ലണ്ടനിലെ ഇക്വഡോര്‍ എംബസി കെട്ടിട്ടത്തിലായിരുന്നു അദ്ദേഹം ഏഴ് വര്‍ഷം അഭയം കണ്ടിരുന്നത്. ഇവിടെ എത്തിയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ലൈംഗികാരോപണ കേസുകള്‍ക്കും യുഎസ്സിലെ ഔദ്യോഗിക രഹസ്യങ്ങള്‍ പുറത്ത് വിട്ട കേസുകള്‍ക്കുമാണ് അസാഞ്ചെയെ അറസ്റ്റ് ചെയ്തത്.
അസാഞ്ചിനെ എത്രയും പെട്ടെന്ന് കോടതിയില്‍ എത്തിക്കും എന്ന് പോലീസ് അറിയിച്ചു. ഏഴ് വര്‍ഷം അദ്ദേഹത്തിന് രാഷ്ട്രീയ അഭയം നല്‍കിയിരുന്ന ഇക്വഡോര്‍ ഇപ്പോള്‍ പിന്‍വലിക്കുകയും പോലീസിനെ വിളിച്ച് വരുത്തുകയുമായിരുന്നു. അന്താരാഷ്ട്ര മാധ്യമങ്ങളാണ് അസാഞ്ചിന്റെ അറസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്.
2006-ലാണ് വിക്കിലീക്‌സ് സ്ഥാപിക്കുന്നത്. സൈനിക നടപടിയുടെ മറവില്‍ ഇറാഖിലും അഫ്ഗാനിസ്ഥാനിലും അമേരിക്ക നടത്തിയ രഹസ്യപ്രവര്‍ത്തനങ്ങള്‍ പുറത്തു കൊണ്ടു വന്നതോടെയാണ് വിക്കീലീക്‌സ് ആദ്യമായി ലോകശ്രദ്ധയിലെത്തുന്നത്. അമേരിക്ക നടത്തിയ നിയമവിരുദ്ധവും മനുഷ്യത്വരഹിതവുമായ പല പ്രവര്‍ത്തനങ്ങളും ഇപ്രകാരം പുറത്തു വന്നു.
2010-ല്‍ ലോകത്തെ വിവിധ രാജ്യങ്ങളിലെ അമേരിക്കന്‍ എംബസികള്‍ നടത്തിയ ചാരപ്രവര്‍ത്തനത്തിന്റെ വിശദാംശങ്ങളും അമേരിക്കയിലേക്ക് എംബസി ഉദ്യോഗസ്ഥര്‍ അയച്ചു കൊടുത്ത അവലോകന റിപ്പോര്‍ട്ടുകളും ചോര്‍ത്തിയതോടെയാണ് വിക്കീലീക്‌സ് ലോകത്തെ ശരിക്കും ഞെട്ടിച്ചത്. ഏതാണ്ട് മൂന്ന് ലക്ഷത്തിലധികം പേജുകള്‍ വരുന്ന രേഖകളാണ് വിക്കിലീക്ക്‌സ് പുറത്തു വിട്ടത്. ഇന്ത്യയടക്കം ലോകത്തെ അനവധി രാജ്യങ്ങളില്‍ വലിയ വിവാദങ്ങള്‍ക്കാണ് വിക്കിലീക്‌സ് ചോര്‍ച്ച വഴിയൊരുക്കിയത്.
കേബിള്‍ ഗേറ്റ് വിവാദത്തോടെ അസാഞ്ച് അമേരിക്ക അടക്കമുള്ളവര്‍ക്ക് വില്ലനും ഒരുപാട് പേര്‍ക്ക് നായകനുമായി മാറി. ശേഷം സ്വീഡനില്‍ നിന്നും രണ്ട് ലൈംഗികാരോപണങ്ങള്‍ ഉയരുകയും സ്വീഡിഷ് സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് ഈ സംഭവത്തില്‍ ഇന്റര്‍പോള്‍ അസാഞ്ചിനെതിരെ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു.
തുടര്‍ന്ന് രക്ഷപ്പെടുന്നതിനായി അദ്ദേഹം പലരാജ്യങ്ങളിലായി മാറി മാറി താമസിച്ചു. എന്നാല്‍ നിയമക്കുരുക്ക് മുറുകിയതോടെ ഒടുവില്‍ അസാഞ്ച് ബ്രിട്ടനിലെ കോടതിയില്‍ കീഴടങ്ങി. കോടതി അസാഞ്ചലിനെ റിമാന്‍ഡ് ചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ നടന്ന ക്രൗഡ് ഫണ്ടിംഗ് വഴി അസാഞ്ചിന് വേണ്ടി അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ നിയമപോരാട്ടം നടത്തുകയും ജാമ്യതുക കെട്ടിവച്ച് 2010 ഡിസംബര്‍17 ന് അദ്ദേഹത്തെ പുറത്തു കൊണ്ടു വരികയും ചെയ്തു. ശേഷം 2012-ല്‍ ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയംതേടി. അദ്ദേഹത്തിന് അഭയം നല്‍കാന്‍ ഇക്വഡോര്‍ ഭരണകൂടം തീരുമാനിക്കുകയും ചെയ്തു.
ഏഴ് വര്‍ഷമായി താന്‍ ജീവിക്കുന്ന ഇക്വഡോര്‍ എംബസിക്കുള്ളില്‍ തനിക്കെതിരെ ശക്തമായ ചാരപ്രവര്‍ത്തനം നടക്കുന്നതായി കഴിഞ്ഞ ദിവസം ജൂലിയന്‍ അസാഞ്ച് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിനുള്ള രാഷ്ട്രീയം അഭയം റദ്ദാക്കിയതായി ഇക്വഡോര്‍ പ്രഖ്യാപിച്ചതും അസാഞ്ചിനെ അറസ്റ്റ് ചെയ്തതും