സോഷ്യല്‍മീഡിയയില്‍ രാജ്യസ്‌നേഹം വഴിഞ്ഞൊഴുകുന്ന വ്യാജ വീഡിയോകള്‍ ധാരാളം പ്രചരിക്കുന്നതും അത് വ്യാജനെന്ന് തെളിയുമ്പോള്‍ പങ്കുവെച്ചവര്‍ നാണംകെടുന്നതും ഇടയ്ക്കിടെ സംഭവിക്കാറുള്ളതാണ്. ഇന്ത്യയില്‍ രാഷ്ട്രീയ അവബോധമുള്ളവര്‍ പോലും ഇത്തരത്തില്‍ വ്യാജവീഡിയോകളും ഫോട്ടോകളും പ്രചരിപ്പിച്ച് ഇളിഭ്യരാകാറുണ്ട്. ഇത്തരത്തില്‍ പാകിസ്താനിലെ സോഷ്യല്‍മീഡിയ ഉപയോക്താക്കളും വ്യാജവീഡിയോ പ്രചരിപ്പിക്കുകയും സംഭവം പൊളിഞ്ഞതോടെ അയ്യോ എന്ന് നിലവിളിച്ച് തലയില്‍ കൈവെച്ചിരിക്കുകയുമാണ്.
പാകിസ്താന്‍ ദേശീയദിനത്തില്‍ പാക് വ്യോമസേനയുടെ അഭ്യാസപ്രകടനം എന്നപേരിലാണ് സോഷ്യല്‍മീഡിയ അറഞ്ചം പുറഞ്ചം ഈ വീഡിയോ സോഷ്യല്‍മീഡിയയിലൂടെ പ്രചരിപ്പിച്ചത്. വീഡിയോയ്ക്കൊപ്പം പാകിസ്താന്റെ ദേശഭക്തിഗാനവും ഇതിലുള്‍പ്പെടുത്തിയിട്ടുണ്ട്. പാകിസ്താന്‍ പേജുകളിലൊക്കെ ഈ വീഡിയോ വന്‍ഹിറ്റായിരുന്നു. എന്നാല്‍ വൈകാതെ സംഭവം വ്യാജനെന്ന് തെളിഞ്ഞു.
എന്നാല്‍ വീഡിയോയുടെ നിജസ്ഥിതി പരിശോധിച്ച എഎഫ്പി വാര്‍ത്താ ഏജന്‍സിയാണ് സംഭവം കള്ളമാണെന്ന് തെളിയിച്ചത്. വീഡിയോയുടെ ആദ്യ ഭാഗം ഒറ്റ ഷോട്ടില്‍ എടുത്തതാണെങ്കിലും, 1.35 മിനിറ്റ് മുതല്‍ എഡിറ്റിങ് ദൃശ്യമാകുന്നുണ്ട്. വ്യക്തമായി കാണാനാകാത്ത ഒരു സ്‌കൈഡൈവര്‍ പാകിസ്താന്‍ ഫ്‌ളാഗ് പോലെ ഒരെണ്ണം പിടിച്ച് ലാന്‍ഡ് ചെയ്യുന്ന ദൃശ്യങ്ങളാണ് പിന്നീട് കാണാനാവുക.
അതേസമയം, ഈ വീഡിയോ 2015 സെപ്റ്റംബറില്‍ കാലിഫോര്‍ണിയയില്‍ 30 രാജ്യങ്ങളില്‍ നിന്നുള്ള 202 സ്‌കൈ ഡൈവര്‍മാര്‍ നടത്തിയ അഭ്യാസപ്രകടനത്തിന്റേതാണ്. റെക്കോഡ് പ്രകടനമായിരുന്നു അത്. അന്നിക്കാര്യം വലിയ വാര്‍ത്തയായതുമാണ്.
സംഭവം തെളിഞ്ഞതോടെ എഡിറ്റ് ചെയ്ത് വീഡിയോ പ്രചരിപ്പിച്ച പാകിസ്താന്‍ രാജ്യസ്‌നേഹികള്‍ വെട്ടിലായിരിക്കുകയാണ്. ഒപ്പം ഇന്ത്യയ്ക്കും തിരിച്ചടിയായിട്ടുണ്ട്. കാരണം, ഇതേ വീഡിയോ ഇന്ത്യന്‍ സോഷ്യല്‍മീഡിയ അക്കൗണ്ടുകളും, ഇന്ത്യന്‍ സേനയുടെ വ്യോമാഭ്യാസം എന്ന പേരില്‍ പ്രചരിപ്പിച്ചിരുന്നു. 300,000 ഷെയറുകളും 11 ദശലക്ഷം വ്യൂസുമാണ് അന്ന് ഇതിനു ലഭിച്ചത്. ഒരു വര്‍ഷമായി ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ കറങ്ങിത്തിരിയുന്നുണ്ട്.
Discussion about this post