വാഷിങ്ടണ്‍: ശാസ്ത്രലോകത്ത് വന്‍കുതിപ്പായി തമോഗര്‍ത്തത്തിന്റെ യഥാര്‍ത്ഥ ചിത്രം. ചരിത്രത്തിലാദ്യമായി തമോ ഗര്‍ത്തത്തെ ക്യാമറയിലാക്കിയിരിക്കുകയാണ് ഒരു സംഘം ജ്യോതിശാസ്ത്രജ്ഞര്‍. ബുധനാഴ്ചയോടെയാണ് ചരിത്രപ്രധാനമായ ചിത്രം ശാസ്ത്രജ്ഞര്‍ പുറത്തുവിട്ടത്. തമോ ഗര്‍ത്തത്തെ വാതകവും പ്ലാസ്മയും നിറഞ്ഞ ജ്വാലനിറമുള്ള വലയം മൂടിയിരിക്കുന്ന ചിത്രമാണ് പുറത്തുവിട്ടിരിക്കുന്നത്. ബ്രസല്‍സ്, ഷാങ്ഹായി, ടോക്യോ, വാഷിങ്ടണ്‍, സാന്തിയാഗോ, തായ്പേയ് എന്നിവിടങ്ങളില്‍ ഒരേസമയം വാര്‍ത്താസമ്മേളനം നടത്തിയാണ് ശാസ്ത്രജ്ഞര്‍ ഇക്കാര്യം ലോകത്തെ അറിയിച്ചത്.
മെസിയോ 87 (എം87) എന്ന ആകാശഗംഗയിലുള്ള തമോ ഗര്‍ത്തത്തിന്റെ ചിത്രമാണ് പുറത്തുവന്നത്. ഭൂമിയില്‍നിന്ന് 5.5 കോടി പ്രകാശവര്‍ഷം അകലെയാണ്. ഈ ദൂരം ഏകദേശ കണക്കാണെന്ന് ഫ്രാന്‍സിലെ നാഷണല്‍ സെന്റര്‍ ഫോര്‍ സയന്റിഫിക് റിസര്‍ച്ചിലെ (സിഎന്‍ആര്‍എസ്) ജ്യോതിശാസ്ത്രജ്ഞന്‍ ഫ്രെഡറിക് ഗോഥ് പറഞ്ഞു.
ഒരു വലിയ ദൂരദര്‍ശിനി നിര്‍മ്മിച്ച് നിരീക്ഷണം നടത്തുന്നതിനു പകരം, ഒട്ടേറെ വാനനിരീക്ഷണകേന്ദ്രങ്ങളെ ഏകോപിപ്പിച്ചായിരുന്നു പ്രവര്‍ത്തനം. 2017 ഏപ്രിലിലെ വ്യത്യസ്ത ദിവസങ്ങളിലായി ഹവായി, അരിസോണ, സ്പെയിന്, മെക്സിക്കോ, ചിലി തുടങ്ങി എട്ടിടങ്ങളിലായി സ്ഥാപിച്ച റേഡിയോ ദൂരദര്‍ശിനികള്‍ ഉപയോഗിച്ചായിരുന്നു നിരീക്ഷണം. ആസ്ട്രോ ഫിസിക്കല്‍ ജേണല്‍ ലെറ്റേഴ്സിലാണ് പഠനം പ്രസിദ്ധീകരിച്ചത്.
Discussion about this post