പാരീസ്: ബ്രസീലിയന്‍ ഇതിഹാസം പെലെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത പനിയെ തുടര്‍ന്ന് ബുധനാഴ്ച വൈകിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പാരീസില്‍ ഫുട്ബോള്‍ റൈറ്റേഴ്സ് അസോസിയേഷന്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്തു കൊണ്ടിരുന്ന പെലെയെ പരിപാടിക്കിടയില്‍ വെച്ചാണ് ആശുപത്രിയിലേക്ക് മാറ്റിയത്.
പെലെ കിഡ്നി സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിരുന്നു. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും ഉടന്‍ ആശുപത്രി വിടുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഫ്രഞ്ച് യുവതാരം കിലിയന്‍ എംബാപ്പെയോടൊപ്പമാണ് പെലെ പരിപാടിയില്‍ പങ്കെടുത്തത്. ലോകത്തിലെ ഏറ്റവും മികച്ച കാല്‍പന്തു കളിക്കാരില്‍ ഒരാളാണ് 78 കാരമായ പെലെ.
ബ്രസീലിനു വേണ്ടി മൂന്ന് തവണ ലോകകപ്പ് നേടിയ ഏകതാരമാണ് പെലെ. 21 വര്‍ഷത്തെ ഫുട്ബോള്‍ ജീവിതത്തില്‍ 1281 ഗോളുകളാണ് താരം നേടിയത്. 2016 റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാന്‍ തീരുമാനിച്ചിരുന്ന പെലെ ആരോഗ്യം മോശയതിനെ തുടര്‍ന്ന് പരിപാടിയില്‍ പങ്കെടുത്തില്ല.
2014 അവസാനത്തില്‍ അദ്ദേഹം ബ്രസീലില്‍ വൃക്ക രോഗത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സ തേടിയിരുന്നു. 1977ല്‍ ഫുട്ബോളില്‍ നിന്നും അദ്ദേഹം വിരമിച്ചിരുന്നു.