ഇന്ത്യന്‍ തെരഞ്ഞെടുപ്പ് കാലത്ത് യുദ്ധത്തിന്റെ നിഴലിലാണ് പാകിസ്താന്‍; മോഡിക്ക് യുദ്ധക്കൊതി; സാഹസത്തിന് മുതിര്‍ന്നേക്കുമെന്ന ഭയമുണ്ടെന്നും ഇമ്രാന്‍ ഖാന്‍

ഇസ്ലാമാബാദ്: പുല്‍വാമയിലെ ജയ്‌ഷെ മുഹമ്മദ് ഭീകരാക്രമണത്തിനും ബലാക്കോട്ടിലെ ഇന്ത്യന്‍ തിരിച്ചടിക്കും പിന്നാലെ താല്‍ക്കാലികമായി ഇന്ത്യ-പാക് ഏറ്റുമുട്ടലുകള്‍ക്ക് വിരാമമായിരിക്കുകയാണ്. എന്നാല്‍ ഇരു രാജ്യങ്ങള്‍ക്ക് മുകളില്‍ നിന്നും യുദ്ധഭീതി ഒഴിയുന്നില്ലെന്ന് വ്യക്തമാക്കി പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ രംഗത്ത്. ഇന്ത്യ യുദ്ധത്തിന് തയ്യാറെടുത്ത് നില്‍ക്കുകയാണെന്നും താന്‍ ഇപ്പോഴും ഭീതിയിലാണെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ ഇമ്രാന്‍ ഖാന്‍ പറഞ്ഞു. ”ഞാനിപ്പോഴും ഭയത്തിലാണ്, തെരഞ്ഞെടുപ്പിന് മുമ്പ് എന്തെങ്കിലും സംഭവിച്ചേക്കാം”-പാക് പ്രധാനമന്ത്രി ഇന്ത്യയില്‍ വരുന്ന പൊതു തെരഞ്ഞെടുപ്പിനെ ലക്ഷ്യം വെച്ച് പറഞ്ഞതിങ്ങനെ.

യുദ്ധത്തിന്റെ നിഴല്‍ ഇരുരാജ്യങ്ങള്‍ക്കു മുകളിലും തൂങ്ങിയാടുകയാണെന്നും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുമ്പ് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അടുത്ത സാഹസത്തിന് ചിലപ്പോള്‍ മുതിര്‍ന്നേക്കുമെന്നും ഇമ്രാന്‍ ഖാന്‍ ആരോപിച്ചു. 40 സിആര്‍പിഎഫ് ജവാന്‍മാരെ കൊലപ്പെടുത്തിയ ജയ്‌ഷെ മുഹമ്മദുമായി പാകിസ്താന് ഒരു ബന്ധവുമില്ലെന്ന് പാക് പ്രധാനമന്ത്രി ആവര്‍ത്തിക്കുകയും ചെയ്തു.

പുല്‍വാമയിലെ ഭീകരാക്രമണം നടന്നപ്പോള്‍, ആ അവസരം മുതലെടുത്ത് മോഡി സര്‍ക്കാര്‍ യുദ്ധത്തിന് കളമൊരുക്കുമെന്ന് താന്‍ കരുതിയെന്നും, ഇന്ത്യയിലെ ജനങ്ങള്‍ ഇത് തെരഞ്ഞെടുപ്പ് വിജയത്തിനായുള്ള കാട്ടിക്കൂട്ടലുകള്‍ മാത്രമാണെന്ന് തിരിച്ചറിയണമെന്നും ഇമ്രാന്‍ഖാന്‍ പറഞ്ഞു. ഈ യുദ്ധാവേശം ഉപഭൂഖണ്ഡത്തിലെ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ക്ക് അറുതി വരുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

മോഡിയുടെ മുസ്ലിം വിരുദ്ധതയും കാശ്മീരിലെ അടിച്ചേല്‍പ്പിക്കുന്ന നിയന്ത്രണങ്ങളുമാണ് പുല്‍വാമ ആക്രമണത്തിന് കാരണമെന്ന് ഇമ്രാന്‍ കുറ്റപ്പെടുത്തി. കാശ്മീരിലെ ഇന്ത്യന്‍ പൗരത്വമുള്ള 19 വയസുകാരനാണ് പുല്‍വാമ ആക്രമണം നടത്തിയത്. അവന്‍ ഇന്ത്യയിലെ ജയ്‌ഷെ അംഗമായിരുന്നു. അവന്റെ രക്ഷിതാക്കള്‍ പറഞ്ഞതു തന്നെ കുട്ടിക്കാലത്ത് കാശ്മീരിലെ സുരക്ഷാസേനയില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന മോശം അനുഭവങ്ങളാണ് അവനെ തീവ്രവാദത്തിലേക്ക് തള്ളിവിട്ടതെന്നാണ്. അവന്‍ ഇന്ത്യക്കാരനാണ്, ഇന്ത്യയിലാണ് സംഭവം നടന്നത്, ഇന്ത്യയിലെ കാറും ഇന്ത്യയിലെ സ്‌ഫോടക വസ്തുക്കളുമാണ് ഉപയോഗിച്ചത്. പിന്നെ പാകിസ്താനെ എങ്ങനെ കുറ്റപ്പെടുത്താനാകുമെന്നും ഇമ്രാന്‍ കൈമലര്‍ത്തുന്നു.

എന്നാല്‍, ഇനി പാകിസ്താന്‍ മണ്ണില്‍ തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പുല്‍വാമയിലെ ആക്രമണം പോലുള്ള ആക്രമണങ്ങളുടെ പേരില്‍ കുറ്റപ്പെടുത്തലുകള്‍ താങ്ങാന്‍ ഇനിയും പാകിസ്താന് സാധിക്കില്ലെന്നും അദ്ദേഹം ഫിനാന്‍ഷ്യല്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി. ഇന്ത്യാ-പാക് ബന്ധം മെച്ചപ്പെടുമെന്നാണ് പ്രതീക്ഷയെന്നു പാക് പ്രധാനമന്ത്രി പ്രത്യശ പ്രകടിപ്പിച്ചു. ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കഴിയും വരെ ഭീതി ഉയരുന്നുണ്ടെന്നും പാകിസ്താന്‍ സര്‍വ്വസജ്ജമാണെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞു.

Exit mobile version