വാഷിങ്ടണ്‍: കൃഷി അവശിഷ്ടങ്ങളില്‍ നിന്നും സസ്യങ്ങളുടെ അവശിഷ്ടങ്ങളില്‍ നിന്നും വിമാനങ്ങളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന ഗുണമേന്മയുള്ള ഇന്ധനം നിര്‍മ്മിക്കാനുള്ള സംവിധാനം ചൈന കണ്ടെത്തി. ചൈനയിലെ ഒരുകൂട്ടം ശാസ്ത്രജ്ഞരാണ് ഈ കണ്ടുപിടുത്തത്തിന് പിന്നില്‍. ഇത്തരത്തില്‍ നിര്‍മ്മിച്ച ഇന്ധനം ഉപയോഗിച്ചാല്‍ വിമാനങ്ങളില്‍ നിന്നും റോക്കറ്റുകളില്‍ നിന്നും പുറം തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ അളവ് കുറയുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
പുതിയ കണ്ടുപിടുത്തത്തെ കുറിച്ചുള്ള വിവരങ്ങള്‍ ഗവേഷണ ജേണലായ ‘ജൂളി’ലാണ് പ്രസിദ്ധീകരിച്ചത്. സസ്യങ്ങളിലെ കോശഭിത്തികളിലുള്ള വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുന്ന സമ്പുഷ്ടവുമായ പോളിമറില്‍ നിന്നാണ് ഉയര്‍ന്ന സാന്ദ്രതയുള്ള ഇന്ധനം നിര്‍മ്മിക്കാമെന്ന് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഈ ജൈവ ഇന്ധനം പരമ്പരാഗത വ്യോമയാന ഇന്ധനങ്ങളുമായി താരതമ്യപ്പെടുത്തിയാല്‍ അതിന് സാന്ദ്രത കൂടുതലാണെന്നും ഗവേഷക ശാസ്ത്രജ്ഞനായ നിംഗ് ലി വ്യക്തമാക്കി.
ഈ ഇന്ധനത്തിന്റെ ഉപയോഗം വഴി ടാങ്കിലെ എണ്ണയുടെ വ്യാപ്തിയില്‍ വ്യത്യാസം വരുത്താതെ വ്യോമയാനങ്ങളുടെ റേഞ്ചും അവ വഹിക്കുന്ന സാധനങ്ങളുടെ അളവും വര്‍ധിപ്പിക്കാമെന്ന് അദ്ദേഹം ചൂണ്ടിക്കാണിച്ചു. പുതിയ ജൈവ ഇന്ധനം ഉപയോഗിക്കുന്ന വിമാനങ്ങള്‍ക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കാന്‍ സാധിക്കുമെന്നും പരമ്പരാഗത വിമാനങ്ങള്‍ വഹിക്കുന്നതിനേക്കാള്‍ പതിന്മടങ്ങ് ഭാരം വഹിക്കാന്‍ സാധിക്കുമെന്നും ഈ ഗവേഷണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച ഗവേഷകര്‍ വ്യക്തമാക്കി. ഈ കണ്ടുപിടുത്തം വ്യോമയാന മേഖലയിലെ ഒരു നാഴിക കല്ലാണെന്നും ഇത് വഴി വ്യോമയാന മേഖല കൂടുതല്‍ പരിസ്ഥിതി സൗഹാര്‍ദമായി തീരുമെന്നും ഗവേഷകര്‍ വിലയിരുത്തി.
Discussion about this post