ബാഗൂസ്: ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളുടെ അവസാന ശക്തി കേന്ദ്രവും പിടിച്ചടക്കിയതായി സഖ്യസേന. ശനിയാഴ്ചയാണ് യുഎസ് സഖ്യത്തോടെയുള്ള സിറിയയുടെ സര്‍ക്കാര്‍ സൈന്യം ഐഎസിന്റെ സമ്പൂര്‍ണ പതനം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഇതോടെ ഏകദേശം അഞ്ചുവര്‍ഷം നീണ്ട പോരാട്ടത്തിനാണ് അവസാനമായിരിക്കുന്നത്. ഐഎസിനുനേരെ സൈനികവിജയം നേടിക്കഴിഞ്ഞു. ബാഗൂസ് ഇപ്പോള്‍ സ്വതന്ത്രമാണ്. സിറിയന്‍ മണ്ണില്‍ നിന്നും 100 ശതമാനവും ഐഎസിനെ തകര്‍ത്തെറിഞ്ഞെന്നും ഈ വിജയദിനത്തില്‍ ഐഎസിനെതിരെ പോരാടി വീരമൃത്യുവരിച്ച അനേകായിരം പോരാളികളെ അനുസ്മരിക്കുന്നെന്നും സിറിയന്‍ സഖ്യസേനയായ സിറിയന്‍ ഡെമോക്രാറ്റിക് സേനയുടെ (എസ്ഡിഎഫ്) തലവന്‍ മുസ്തഫ ബാലി ട്വീറ്റിലൂടെ അറിയിച്ചു.
ഐഎസിന്റെ അവസാന ശക്തികേന്ദ്രമായ സിറിയയുടെ കിഴക്കന്‍ഗ്രാമം ബാഗൂസും തിരികെപ്പിടിച്ചാണ് ഐഎസ് തീവ്രവാദികളെ തുടച്ചുമാറ്റിയത്. 2014ലാണ് സിറിയയിലും ഇറാഖിലുമായി അഞ്ചുവര്‍ഷത്തിലേറെയായി ഐഎസ് സ്വയംപ്രഖ്യാപിത ഖലീഫാഭരണം ആരംഭിച്ചിരുന്നത്. ഒടുവില്‍ 2019മാര്‍ച്ചില്‍ ഇരുണ്ടകാലത്തില്‍ നിന്നും സിറിയന്‍ സൈന്യം രാജ്യത്തെ മോചിപ്പിച്ചിരിക്കുകയാണ്.
ബാഗൂസില്‍ അവശേഷിക്കുന്ന ഐഎസ് ഭീകരര്‍ക്കെതിരേ മാര്‍ച്ച് ആദ്യവാരമാണ് സൈന്യം പോരാട്ടം ആരംഭിച്ചത്. വലിയതോതില്‍ സാധാരണക്കാര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയായതിനാല്‍ പോരാട്ടത്തിന്റെ തീവ്രത കുറയ്ക്കാന്‍ സേന നിര്‍ബന്ധിതരായിരുന്നു.
അതേസമയം, ഐഎസിനെ പൂര്‍ണമായി പരാജയപ്പെടുത്തിയതായി ഇറാഖ് സര്‍ക്കാര്‍ 2017-ല്‍ പ്രഖ്യാപിച്ചിരുന്നു. സിറിയയില്‍ ഐഎസ് പൂര്‍ണമായി പരാജയപ്പെട്ടുവെന്നും അതിനാല്‍ ആ രാജ്യത്തുനിന്ന് തങ്ങളുടെ സൈന്യത്തെ പിന്‍വലിക്കുമെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തേ വ്യക്തമാക്കിയിരുന്നി. എന്നാല്‍, സഖ്യകക്ഷികള്‍ ആശങ്കയുയര്‍ത്തി രംഗത്തെത്തിയിരുന്നു.
അതേസമയം, പരാജയം നിഷേധിച്ച് ഐഎസിന്റെ ഓഡിയോസന്ദേശവും ശനിയാഴ്ചയെത്തി. ഐഎസ്. വക്താവ് അബുഹസന്‍ അല്‍ മുഹാജിറിന്റേതെന്ന് കരുതുന്ന ശബ്ദസന്ദേശത്തില്‍ ഐഎസ് സാമ്രാജ്യം അവസാനിച്ചിട്ടില്ലെന്ന് പറയുന്നു.