എത്യോപ്യന്‍ വിമാനാപകടം; ഗരുഡ എയര്‍ലൈന്‍സ് ബോയിങ് 737 മാക്‌സ് വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി

ഗരുഡ എയര്‍ലൈന്‍സ് 49 ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് റദ്ദാക്കിയിരിക്കുന്നത്

ജക്കാര്‍ത്ത: ഇന്തോനേഷ്യന്‍ എയര്‍ലൈന്‍സായ ഗരുഡ ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ ഓര്‍ഡര്‍ റദ്ദാക്കി. എത്യോപ്യയില്‍ ബോയിങ് 737 മാക്‌സ് 8 വിമാനം തകര്‍ന്ന് 157 കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് കമ്പനി ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നത്.

ഗരുഡ എയര്‍ലൈന്‍സ് 49 ബോയിങ് 737 മാക്‌സ് 8 വിമാനങ്ങളുടെ ഓര്‍ഡറുകളാണ് റദ്ദാക്കിയിരിക്കുന്നത്. ലോകത്ത് പല ഭാഗങ്ങളിലായി അപകടത്തില്‍പ്പെട്ട വിമാനമാണ് ബോയിങ് 737 മാക്‌സ്. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് ഈ വിമാനത്തിലുള്ള വിശ്വാസ്യത നഷ്ടപ്പെട്ടതും ഓര്‍ഡര്‍ റദ്ദാക്കാന്‍ കാരണമായിട്ടുണ്ട്.

എത്യോപ്യയില്‍ ബോയിങ് വിമാനം തകര്‍ന്നതിനെ തുടര്‍ന്ന് ഇന്ത്യ ഉള്‍പ്പെടെ പല രാജ്യങ്ങളും ബോയിങ് 737 മാക്‌സ് 8ന് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ ബോയിങ് വിമാനത്തിനുള്ള ഓര്‍ഡര്‍ റദ്ദാക്കുന്ന ആദ്യ രാജ്യം ഇന്തോനേഷ്യയാണ്. അതേ സമയം ബോയിങിന്റെ മറ്റ് മോഡലുകള്‍ വാങ്ങുന്ന കാര്യം പരിഗണിക്കുമെന്ന് ഗരുഡ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫിസര്‍ ഫൗദ് റിസല്‍ പറഞ്ഞു. വിമാനത്തിന്റെ ഓര്‍ഡര്‍ റദ്ദാക്കിയതിനെ തുടര്‍ന്ന് ബോയിങിന്റെ പ്രതിനിധികള്‍ ജക്കാര്‍ത്തയില്‍ എത്തി ചര്‍ച്ച നടത്തുമെന്നും അറിയിച്ചിട്ടുണ്ട്. നിലവില്‍ ഒരു ബോയിങ് 737 മാക്‌സ് വിമാനമാണ് ഗരുഡ എയര്‍ലൈന്‍സിനുള്ളത്.

Exit mobile version