ബെല്‍ജിയം: പ്രാവിനെ വളര്‍ത്താന്‍ നമുക്ക് എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ ഈ പ്രാവിന്റെ വില കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. കാരണം ഇതിന്റെ വില ഒമ്പത് കോടിയിലധികം രൂപയാണ്. അര്‍മാന്‍ഡോ എന്നാണ് പ്രാവിന്റെ പേര്. പ്രാവ് പറത്തല്‍ മത്സരങ്ങള്‍ക്ക് വേണ്ടി പ്രത്യേകം വളര്‍ത്തിയ പ്രാവാണിത്. ബെല്‍ജിയത്തിലെ ബ്രസല്‍സില്‍ നടന്ന ലേലത്തിലാണ് ഇത്രയും വലിയ തുക പ്രാവിന് ലഭിച്ചത്.
ലേലത്തില്‍ രണ്ട് ചൈനക്കാര്‍ മത്സരിച്ച് പങ്കെടുത്തപ്പോള്‍ പ്രാവ് വിറ്റുപോയത് 1.25 ദശലക്ഷം യൂറോയ്ക്ക്. അതായത് ഏകദേശം 9 കോടി 79 ലക്ഷം രൂപ. ഏറ്റവും കൂടുതല്‍ ദൂരം ഒറ്റയടിക്ക് താണ്ടാന്‍ കഴിവുള്ള പ്രാവ് എന്ന റെക്കോര്‍ഡ് ഈ പ്രാവിന് സ്വന്തമാണ്. രണ്ട് ചൈനക്കാര്‍ ലേലത്തില്‍ മത്സരിച്ച് പങ്കെടുത്തപ്പോള്‍ മുമ്പത്തെ റെക്കോഡ് തുകയായ 3.76 ലക്ഷം യൂറോ ഈ പ്രാവ് ഭേദിക്കും എന്ന് അറിയാമായിരുന്നു. എങ്കിലും ഒരു ദശലക്ഷം യൂറോ വില കടക്കുമെന്ന് ആരും കരുതിയിരുന്നില്ല. 1,252,000 യൂറോയാണ് പ്രാവിന് വേണ്ടി ചെലവാക്കിയത്. പീജ്യണ്‍ പാരഡൈസ് എന്ന വെബ്സൈറ്റ് ആണ് ലേലം നടത്തിയത്. ആര്‍ക്കാണ് വില്‍പ്പന നടത്തിയത് എന്ന് ഇവര്‍ വ്യക്തമാക്കിയിട്ടില്ല.
ബെല്‍ജിയം, ബ്രിട്ടണ്‍, ഫ്രാന്‍സ്, നെതര്‍ലാന്റ് തുടങ്ങിയ സ്ഥലങ്ങളിലെ പ്രധാന വിനോദമാണ് പ്രാവ് പറത്തല്‍. ഈ പ്രാവിനെ കൂടാതെ ലേലത്തില്‍ 178 പ്രാവുകളും കുഞ്ഞുങ്ങളും വിറ്റുപോയി. ആകെ 17 കോടി രൂപയ്ക്കാണ് പ്രാവുകള്‍ ലേലത്തില്‍ വിറ്റുപോയത്.