ബെയ്ജിങ്: ചൈനയിലെ കല്‍ക്കരി ഖനിയിലുണ്ടായ അപകടത്തില്‍ 21 പേര്‍ മരിച്ചു. പാറ പൊട്ടി വീണ് ഭൂഗര്‍ഭ ജലപാത തകര്‍ന്നതിനാല്‍ 20 പേരായിരുന്നു ഖനിയില്‍ കുടുങ്ങിക്കിടന്നത്. രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
കിഴക്കന്‍ ചൈനയിലെ ഷാങ്‌ഡോങ് പ്രവിശ്യയിലാണ് അപകടമുണ്ടായത്. ഷാന്‍ഡോങ് എനര്‍ജി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഖനിയിലാണ് അപകട മുണ്ടായത്. ഒക്ടോബര്‍ 20 നാണ് അപകടം നടന്നത്. സംഭവ സമയത്ത് ഖനിയില്‍ 300 ഓളം പേരായിരുന്നു ജോലി ചെയ്തിരുന്നത്. ഭൂരിഭാഗം തൊഴിലാളികളെയും സുരക്ഷാ ഉദ്യോഗസ്ഥര്‍ രക്ഷപ്പെടുത്തിയിരുന്നു. അപകട സമയത്ത് രണ്ട് തൊഴിലാളികള്‍ മരിച്ചിരുന്നു. എന്നാല്‍ പാറകള്‍ക്കിടയില്‍ കുടുങ്ങിയ 20 പേരെ രക്ഷാപ്രവര്‍ത്തകര്‍ക്ക് സംഭവ സമയത്ത് രക്ഷിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് ഇതില്‍ ഒരാളെ രക്ഷപ്പെടുത്തി. 19 പേര്‍ ഖനിയില്‍ കുടുങ്ങിപ്പോയി. 9 ദിവസം നീണ്ട തെരച്ചിലിനൊടുവിലാണ് 19 പേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചതായി സുരക്ഷാ ഉദ്യേഗസ്ഥര്‍ അറിയിച്ചു.
ഖനിയിലുണ്ടായ അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ ഖനികളാണ് ചൈനയിലുള്ളത്. ചൈനയുടെ എറ്റവും വലിയ ഊര്‍ജ്ജ സ്രോതസാണ് കല്‍ക്കരി. ഇതിനു മുന്‍പും ഇതുപോലുള്ള അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മാത്രം 219 അപകടങ്ങളിലായി 375 പേര്‍ക്കാണ് കല്‍ക്കരി ഖനികളിലെ പൊട്ടിത്തെറികളിലൂടെ ജീവന്‍ നഷ്ടമായത്.
Discussion about this post