ഹലോ ബ്രദര്‍; നിസ്‌കാരനിര കൊണ്ട് സില്‍വര്‍ഫേണ്‍; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരെ നെഞ്ചോട് ചേര്‍ത്ത് ന്യൂസിലാന്‍ഡ്; പങ്കുവെച്ച് കെയ്ന്‍; ഏറ്റെടുത്ത് ലോകം

ക്രൈസ്റ്റ് ചര്‍ച്ച്: ന്യൂസിലാന്‍ഡില്‍ വംശീയവാദിയായ അക്രമി നടത്തിയ കൂട്ടക്കുരുതിയ്ക്ക് ഇരയായവര്‍ക്കും കുടുംബങ്ങള്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ലോകരാജ്യങ്ങള്‍. ആക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് വ്യത്യസ്തമായ മതസൗഹാര്‍ദ്ദ പോസ്റ്റ് പങ്കുവെച്ച് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും രംഗത്തെത്തി. ഫേസ്ബുക്കില്‍ കെയ്ന്‍ പങ്കുവെച്ച ചിത്രം ലോകം ഏറ്റെടുത്തിരിക്കുകയാണ്.

ന്യൂസിലാന്‍ഡിന്റെ അനൗദ്യോഗിക ചിഹ്നമായ വെള്ളിനിറമുള്ള പുല്‍ക്കൊടി(സില്‍വര്‍ ഫേണ്‍)യുടെ രൂപത്തില്‍ നില്‍ക്കുന്ന നിസ്‌കാരനിര(നിസ്‌കാര സ്വഫ്ഫ്)യാണ് കെയ്ന്‍ പങ്കുവെച്ചിരിക്കുന്നത്. ഒപ്പം കൊല്ലപ്പെട്ടവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ന്യൂസിലാന്‍ഡുകാരനെന്ന നിലയില്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നെന്നും കെയ്ന്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നുണ്ട്.

ക്രൈസ്റ്റ് ചര്‍ച്ച് ഭീകരാക്രമണത്തിന് ശേഷം നടന്ന ഐക്യദാര്‍ഢ്യ പരിപാടിയുടെ പ്രചാരണത്തിനായാണ് ഈ ചിത്രം വരയ്ക്കപ്പെട്ടത്. സിംഗപ്പൂര്‍ പൗരന്‍ കെയ്ത്ത് ലീയാണ് ചിത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ന്യൂസിലാന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആന്‍ഡേഴ്‌സണും മാതൃകാപരമായ ഇടപെടലാണ് ആക്രമണത്തിനു ശേഷം നടത്തിയത്. ഭീകരവാദിയായ ബ്രണ്ടന്‍ ടെറന്റിനെ തള്ളിപ്പറഞ്ഞ് ഹിജാബ് ധരിച്ചെത്തിയാണ് ജെസീന്ത ഇരകളുടെ കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ എത്തിയത്. ഇതും ഏറെ പ്രശംസ ഏറ്റുവാങ്ങിയിരുന്നു.

Exit mobile version