ന്യൂയോര്‍ക്ക്: ഇത്തവണയും ചൈനയുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ തലവന്‍ മസൂദ് അസ്റിനെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന പ്രമേയം യുഎന്‍ രക്ഷാസമിതിയില്‍ പാസാക്കാനായില്ല. പുല്‍വാമ ഭീകരാക്രമണത്തെത്തുടര്‍ന്ന് ഫെബ്രുവരി 27-ന് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാജ്യങ്ങള്‍ കൊണ്ടുവന്ന പ്രമേയത്തിന്മേലാണ് ബുധനാഴ്ച രാത്രി വൈകി യുഎന്നില്‍ വോട്ടെടുപ്പ് നടന്നത്. ഇതു നാലാം തവണയാണ് ചൈന തടസ്സവാദം ഉന്നയിക്കുന്നത്. മുന്‍പ് 3 തവണ പ്രമേയം കൊണ്ടുവന്നപ്പോഴും സ്ഥിരാംഗമായ ചൈന വീറ്റോ ചെയ്യുകയായിരുന്നു.
നടപടിയില്‍ ഇന്ത്യ നിരാശ അറിയിച്ചു. എന്നാല്‍, രാജ്യത്തിന്റെ പൗരന്‍മാര്‍ക്കെതിരെ നീചമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്ന ഭീകരരെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ സാധ്യമായ എല്ലാ വേദികളും ഉപയോഗപ്പെടുത്തുമെന്നും ഇന്ത്യ വ്യക്തമാക്കി. ചൈനയുടെ പേരെടുത്തുപറയാതെയാണ് വിദേശകാര്യമന്ത്രാലയം പ്രസ്താവനയിറക്കിയത്.
രക്ഷാസമിതിയിലെ ഒരംഗം എതിര്‍ത്തതിനാല്‍ മസൂദ് അസറിനെ ഭീകരപ്പട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള പ്രമേയത്തില്‍ തീരുമാനമെടുക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രസ്താവനയില്‍ പറയുന്നു. ഒപ്പം യുഎന്നില്‍ പിന്തുണ നല്‍കിയ അംഗരാജ്യങ്ങളോടുള്ള നന്ദിയും അറിയിച്ചു.