ഇസ്ലാമാബാദ്: പുല്‍വാമയിലെ ഭീകരാക്രമണത്തിനും ബാലാകോട്ടിലെ തിരിച്ചടിക്കും ശേഷം ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും ടിവി ഷോകള്‍ക്കും ഏര്‍പ്പെടുത്തിയ വിലക്ക് പാകിസ്താന് തിരിച്ചടിയാകുന്നു. ഇന്ത്യയില്‍ നിന്നുള്ള സിനിമകള്‍ക്കും ടെലിവിഷന്‍ പരിപാടികള്‍ക്കും പാക് കോടതിയാണ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.
പാകിസ്താനിലെ സിനിമാ സംഘടനകളാണ് ബോളിവുഡ് സിനിമകള്‍ ബഹിഷ്കരിക്കാന്‍ ആദ്യം തീരുമാനിച്ചത്. പിന്നീട് പാകിസതാന് സുപ്രീം കോടതി ഇന്ത്യയില്‍ നിന്നുള്ള ഉള്ളടക്കങ്ങള്‍ പാകിസ്താനില്‍ സംപ്രേഷണം ചെയ്യുന്നതിന് നിരോധനമേര്‍പ്പെടുത്തി. എന്നാല്‍ സാമ്പത്തികമായി പാകിസ്താന് വലിയ തിരിച്ചടിയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
പാകിസ്താനിലാകെ ഉള്ളത് 120 തീയ്യേറ്ററുകളാണ്. അതില്‍ 60 ശതമാനവും ഇന്ത്യന്‍ സിനിമകളാണ് പ്രദര്‍ശിപ്പിച്ചിരുന്നത്. പാകിസ്താനിലെ സിനിമാ വ്യവസായം നേടുന്ന വരുമാനത്തിന്റെ 70 ശതമാനവും ഇന്ത്യന്‍ സിനിമകളില്‍ നിന്നുള്ളതാണ്. ഇന്ത്യന്‍ സിനിമകള്‍ കഴിഞ്ഞാല്‍ പാകിസ്താനില്‍ പിന്നെ തിയ്യേറ്ററുകളില്‍ നേട്ടമുണ്ടാക്കുന്നത് ഹോളിവുഡ് സിനിമകളാണ്. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഈ നിരോധനം ഇന്ത്യയെക്കാള്‍ പാകിസ്താന് തന്നെയാകും ദോഷം ചെയ്യുക. ബോളിവുഡിന്റെ സഹായമില്ലാതെ പാക്കിസ്ഥാനിലെ സിനിമാരംഗത്തിന് അതിജീവിക്കാനാകില്ലെന്ന് ചുരുക്കം.
Discussion about this post