വാഷിങ്ടണ്‍: ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി
പ്രഖ്യാപിക്കണമെന്ന നിലപാട് കടുപ്പിച്ച് അമേരിക്ക. ആഗോള ഭീകരനായി
പ്രഖ്യാപിക്കാതിരിക്കുന്നത് മേഖലയുടെ സ്ഥിരതയ്ക്ക് ഭീഷണിയാണെന്ന് യുഎസ് വ്യക്തമാക്കി. അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണമെന്ന പ്രമേയത്തിന്മേല് യുഎന്‍ രക്ഷാസമിതി തീരുമാനമെടുക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് യുഎസിന്റെ പരാമര്‍ശം.
മസൂദ് അസര്‍ ജയ്ഷെ മുഹമ്മദിന്റെ സ്ഥാപകനും നേതാവുമാണെന്നും ആഗോള ഭീകരനായി പ്രഖ്യാപിക്കുന്ന യുഎന്നിന്റെ മാനദണ്ഡങ്ങളെ മസൂദ് അസര്‍ നേരിടേണ്ടിവരുമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി റോബര്‍ട്ട് പല്ലാഡിനോ പറഞ്ഞു. നിരവധി ഭീകരാക്രമണങ്ങളാണ് ജയ്ഷെ നടത്തിയിട്ടുള്ളത്. മേഖലയുടെ സ്ഥിരതയ്ക്കും സമാധാനത്തിനും അസര്‍ ഭീഷണിയാണെന്നും അദ്ദേഹം പറഞ്ഞു.
രക്ഷാസമിതിയിലെ സ്ഥിരാംഗങ്ങളായ യുഎസ്, ബ്രിട്ടണ്, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് മസൂദ് അസറിനെതിരെ പ്രമേയം കൊണ്ടുവരുന്നത്. ഇതില്‍ ചൈന എന്ത് നിലപാടെടുക്കുമെന്നതാണ് മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത്. മുമ്പ് മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യ കൊണ്ടുവന്ന പ്രമേയങ്ങള്‍ ചൈന വീറ്റോ ചെയ്തതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു.
തെളിവുകള്‍ ഇല്ലെന്നും സാങ്കേതിക കാരണളും ചൂണ്ടിക്കാണിച്ചാണ് ചൈന ഇടങ്കോലിട്ടിരുന്നത്. എന്നാല്‍ മസൂദ് അസറിനെതിരെ ആവശ്യമായ തെളിവുകള്‍ എല്ലാമുണ്ടെന്നാണ് യുഎസ് നിലപാട്. ഇത്തവണ ചൈന മുന്‍ നിലപാടുകള്‍ തുടരില്ലെന്ന് പ്രതീക്ഷിക്കുന്നുവെന്നും ട്രംപ് ഭരണകൂടം പറഞ്ഞിരുന്നു. മസൂദ് അസറിനെതിരായി വന്നിരിക്കുന്ന പ്രമേയത്തില്‍ എതിര്‍പ്പ് അറിയിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കുകയാണ്. ഈ സാഹചര്യത്തിലാണ് പരാമര്‍ശവുമായി യുഎസ് രംഗത്ത് വന്നിരിക്കുന്നത്.
Discussion about this post