സിംഗപ്പൂര്‍: എത്യോപ്യന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 മാക്സ് 8 തകര്‍ന്ന സംഭവത്തിന്റെ പശ്ചാത്തലത്തില്‍ സിഗപ്പൂര്‍ ബോയിങ് വിമാനങ്ങള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസമാണ് എത്യോപ്യന്‍ വിമാനം തകര്‍ന്ന് 157 പേര് മരിച്ചത്. മരിച്ചവരില്‍ നാല് ഇന്ത്യക്കാരും ഉള്‍പ്പെട്ടിട്ടുണ്ട്.
ഇന്ന് 2 മണിമുതലാണ് ബോയിങ് വിമാനത്തിന്റെ നിരോധനം സിംഗപ്പൂരില്‍ നിലവില്‍ വരുന്നത്. ഇനി മറ്റൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സിംഗപ്പൂരില്‍ നിന്ന് ബോയിങ് വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് അധികൃതര്‍ അറിയിച്ചു. വിമാനം റദ്ദാക്കിയത് കാരണം യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടിന് ഉടനടി പരിഹാരം കാണുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇനി ബോയിങ് 737 മാക്സ് 8 ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചും സിംഗപ്പൂര്‍ എയര്‍ലൈന്‍സ് അധികൃതര്‍ ചര്‍ച്ച നടത്തുന്നുണ്ട്.
അതേ സമയം ബോയിങ് 737 വിമാനങ്ങള്‍ തുടര്‍ന്നും ഉപയോഗിക്കുമെന്ന് ഫ്ളൈ ദുബായ് വ്യക്തമാക്കി. ഇത്തരം വിമാനങ്ങളുടെ പ്രവര്‍ത്തനക്ഷമതയെക്കുറിച്ച് സംശയങ്ങള്‍ ഇല്ലെന്നാണ് കമ്പനിയുടെ നിലപാടെന്ന് ഫ്ളൈ ദുബായ് വക്താവ് അറിയിച്ചത്. സാഹചര്യം കമ്പനി നിരീക്ഷിച്ച് വരികയാണെന്നും ബോയിങ് കമ്പനിയുമായി ബന്ധപ്പെട്ട് വരികയാണെന്നും ഫ്ളൈ ദുബായ് വക്താവ് അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കുമെന്നും കമ്പനി അറിയിച്ചു.
എത്യോപ്യയില്‍ ബോയിങ് വിമാനം തകര്‍ന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ സര്‍വീസ് നടത്തുന്ന വിമാനങ്ങളില്‍ പ്രത്യേക സുരക്ഷാ പരിശോധന വേണമെന്ന് ഡയറക്ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷന്‍. നിലവില്‍ ഇന്ത്യയില്‍ സ്പൈസ് ജെറ്റിനും ജെറ്റ് എയര്‍വേയ്സിനും വേണ്ടിയാണ് ബോയിങ് 737 മാക്സ് വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നത്. ഈ സാഹചര്യത്തിലാണ് വിമാനത്തിന്റെ സുരക്ഷ ഉറപ്പാക്കണമെന്ന് സിവില്‍ ഏവിയേഷന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
Discussion about this post