ഇസ്ലാമാബാദ്: ഒളിവിലായിരുന്ന താലിബാന്‍ നേതാവ് മുല്ല ഒമര്‍ മരമം വരെ ഒളിവില്‍ കഴിഞ്ഞിരുന്നത് യുഎസ് സൈനിക ക്യാമ്പിന് തൊട്ടരികെയെന്ന് വെളിപ്പെടുത്തല്‍. അമേരിക്ക ഒരു കോടി ഡോളര്‍ തലയ്ക്ക് വിലയിട്ടിരുന്ന കുപ്രസിദ്ധ താലിബാന്‍ നേതാവായിരുന്നു മുല്ല ഒമര്‍. ഡച്ച് ജേണലിസ്റ്റ് ബെറ്റെ ഡാം എഴുതിയ ജീവചരിത്രത്തിലാണ് അമ്പരപ്പിക്കുന്ന ഈ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ യുഎസ് സൈനിക ക്യാമ്പില്‍ നിന്നും വെറും മൂന്ന് കിലോ മീറ്റര്‍ അകലെയാണ് മുല്ല ഒമര്‍ ജീവിച്ചിരുന്നത്. ഈ വെളിപ്പെടുത്തല്‍ അമേരിക്കന്‍ ഇന്റലിജന്‍സിന് വലിയ നാണക്കേടാണ് ഉണ്ടാക്കിയിരിക്കുന്നത്.
2001 സെപ്റ്റംബറില്‍ ട്വിന്‍ ടവറില്‍ അല്‍ ഖ്വയ്ദ നടത്തിയ ആക്രമണത്തിന് ശേഷമാണ് ഒമര്‍ അബ്ദുള്ളയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് യുഎസ് ഒരു കോടി ഡോളര്‍ പ്രതിഫലം പ്രഖ്യാപിച്ചത്. അതോടെ ഇയാള്‍ പാകിസ്താനിലേക്ക് കടന്നുവെന്നാണ് യുഎസ് സൈന്യം കരുതിയിരുന്നത്. എന്നാല്‍ അഫ്ഗാനിലെ സാബൂള്‍ പ്രവിശ്യയിലെ ജന്മനാട്ടില്‍ ഏകാന്തജീവിതം നയിക്കുകയായിരുന്നു ഒറ്റക്കണ്ണിനു മാത്രം കാഴ്ചശക്തിയുള്ള ഈ കൊടുംഭീകരന്‍. ഇയാള്‍ കൊടും ഭീകരനണെന്ന് അയല്‍വാസികള്‍ക്കും അറിയില്ലായിരുന്നു.
പ്രദേശത്ത് പട്രോളിങ്ങ് നടത്തിയിരുന്ന അമേരിക്കന്‍ സൈനികര്‍ രണ്ട് തവണ മുല്ല ഒമറിന്റെ ഒളിത്താവളത്തിന് തൊട്ടരികില്‍ വരെയെത്തിയെങ്കിലും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. സൈനികര്‍ വീടിനുള്ളില്‍ പരിശോധന നടത്തിയപ്പോള്‍ മുല്ല ഒമര്‍ തന്റെ രഹസ്യമുറിയില്‍ ഒളിച്ചിരിക്കുകയായിരുന്നു. മുല്ല ഒമറിന്റെ ബോഡിഗാര്‍ഡായിരുന്ന ജബ്ബാര്‍ ഒമരിയാണ് ഇക്കാര്യങ്ങള്‍ എഴുത്തുകാരനോട് വെളിപ്പെടുത്തിയത്.
മുല്ല ഒമറിനായി യുഎസ് വന്‍ തെരച്ചിലുകള്‍ നടത്തിയെങ്കിലും, മരണം വരെ യുഎസ് സൈനികരുടെ മൂക്കിന്‍ തുമ്പില്‍ ആത്മീയജീവിതം നയിക്കുകയായിരുന്നു മുല്ല ഒമര്‍. സിം കാര്‍ഡ് ഇടാത്ത ഒരു നോക്കിയ ഫോണില്‍ ഖുര്‍ആന്‍ വാചകങ്ങള്‍ ചൊല്ലി റെക്കോഡ് ചെയ്യുന്നതും പാചകവുമായിരുന്നു ഒമറിന്റെ പതിവെന്നും പുസ്തകത്തില്‍ പറയുന്നു.
1996 മുതല്‍ 2001 വരെ അഫ്ഗാനില്‍ സര്‍ക്കാര്‍ വിരുദ്ധകലാപം നടത്തിയ താലിബാന്റെ നേതാവായിരുന്നു മുല്ല ഒമര്‍. 2013 ലാണ് മുല്ല ഒമര്‍ മരിക്കുന്നത്. എന്നാല്‍ മരണവാര്‍ത്ത പുറത്തെത്തിയത് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷവും.
Discussion about this post