ഏഥന്‍സ്: വിമാനത്താവളത്തില്‍ എത്താന്‍ രണ്ട് മിനിറ്റ് വൈകിയതിന്റെ പേരില്‍ ശാപവാക്കുകള്‍ ചൊരിഞ്ഞെങ്കിലും ഈ ഗ്രീക്കുകാരന്റെ സങ്കടം, നിമിഷങ്ങള്‍ക്കകം ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിന് വഴി മാറുകയായിരുന്നു. വൈകിയ ആ രണ്ട് മിനിറ്റ് ജീവിതത്തിലെ ഏറ്റവും ഭാഗ്യനിമിഷങ്ങളെന്നാണ് ഇദ്ദേഹം വീണ്ടും പറയുന്നു. അന്റോണിസ് മാവ്റോപൗലോസ് എന്ന ഗ്രീക്കുകാരനാണ് ആ യാത്രക്കാരന്. ഇന്നലെ തകര്‍ന്നുവീണ എതോപ്യന്‍ വിമാനത്തിലെ 150ാം യാത്രക്കാരന്. പറന്നുയര്‍ന്ന് നിമിഷങ്ങള്‍ക്കകം തകര്‍ന്നുവീണ വിമാനത്തിലെ മുഴുവന്‍ യാത്രക്കാരും എട്ട് ജീവനക്കാരും കൊല്ലപ്പെട്ടെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം.
വിമാനത്താവളത്തിലെത്താന്‍ വൈകിയതിനെ തുടര്‍ന്ന് യാത്രാനുമതി ലഭിക്കാതെ അടുത്ത വിമാനത്തില്‍ യാത്രക്കൊരുങ്ങിയ അന്റോണിസിനെ കാത്തിരുന്നത് തന്റെ യാത്ര മുടങ്ങിയ വിമാനം തകര്‍ന്ന് അതിലെ എല്ലാ യാത്രക്കാരും അപകടത്തിനിരയായി എന്ന വാര്‍ത്തയായിരുന്നു.
വിമാനത്താവളത്തിലെത്താന്‍ വൈകിയതിന്റെ വിഷമത്തിലായിരുന്നുവെങ്കിലും തന്റെ ഭാഗ്യദിനമാണിതെന്നും വിമാനയാത്രാടിക്കറ്റിന്റെ ഫോട്ടോ ഫേസ്ബുക്ക് പേജിലൂടെ പങ്ക് വെച്ച് അന്റോണിസ് കുറിച്ചു. ഇന്റര്‍നാഷണല്‍ സോളിഡ് വേസ്റ്റ് അസോസിയേഷന് പ്രസിഡന്റായ അന്റോണിസ് യുഎന്നിന്റെ പരിസ്ഥിതി പരിപാടിയില്‍ പങ്കെടുക്കുന്നതിനാണ് നെയ്റോബിയിലേക്ക് യാത്രക്കൊരുങ്ങിയതായിരുന്നു. അടുത്ത വിമാനത്തിനായി കാത്തിരുന്ന അന്റോണിസിനെ അധികൃതര്‍ പോലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടു പോയത്. ജീവന് തിരിച്ചു കിട്ടിയതിന് ദൈവത്തോട് നന്ദി പറയാന്‍ അവര്‍ പറഞ്ഞിരുന്നതായി അന്റോണിസ് ഓര്‍മ്മിച്ചു. വിമാനം മിസായത് കൊണ്ട് മാത്രം ആയുസ് നീട്ടിക്കിട്ടിയതില്‍ സന്തോഷമുണ്ടെങ്കിലും മറ്റു യാത്രക്കാര്‍ക്കുണ്ടായ ദുര്യോഗത്തില് വിഷമിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എത്യോപ്യന്‍ തലസ്ഥാനമായ ആഡിസ് അബാബയില്‍ നിന്ന് നെയ്റോബിയിലേക്ക് തിരിച്ച ET-302 വിമാനം പറന്നുയര്‍ന്ന് ആറുമിനിറ്റിന് ശേഷം തകര്‍ന്നു വീഴുകയായിരുന്നു. ബോയിങ്ങിന്റെ 737 മാക്സ്-8 ശ്രേണിയില്‍ പെട്ടതാണ് വിമാനം. 2018 ഒക്ടോബറില്‍ ഇന്തോനേഷ്യയില്‍ അപകടത്തില്‍ പെട്ട വിമാനവും ഈ ശ്രേണിയിലുള്ളതാണ്. വിമാനം അടിയന്തരമായി തിരിച്ചിറങ്ങാന്‍ പൈലറ്റ് അനുമതി ചോദിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്.
Discussion about this post