യുഎസ്: സെപ്റ്റംബര്‍ 29, ഒരു ജന്മം മുഴുവന്‍ ഒന്നിച്ചു കഴിയാമെന്നു സ്വപ്നം കണ്ട് ജെസിക്കയും കെന്റലും ഒരുമിക്കാന്‍ തീരുമാനിച്ച ദിവസമായിരുന്നു അന്ന്. എന്നാല്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു. അഗ്നിശമനസേനയില്‍ വളണ്ടിയറായി ജോലി ചെയ്തിരുന്ന കെന്റല്‍ വിവാഹനിശ്ചയത്തിനു ശേഷം മദ്യപാനിയായ ഒരു ഡ്രൈവറുണ്ടാക്കിയ അപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു.
പക്ഷേ പ്രിയപ്പെട്ടവനെ ഉപേക്ഷിച്ചു പോവാന്‍ ജെസിക്ക തയാറായില്ല. കെന്റലിന്റെ മരണശേഷം പത്തുമാസങ്ങള്‍ കഴിഞ്ഞ് ഇരുവരുടെയും വിവാഹം തീരുമാനിച്ച ദിവസം കെന്റലിന്റെ വധുവായി ജെസിക്കയെത്തി, ആ ശവക്കല്ലറയില്‍. കെന്റല്‍ ആഗ്രഹിച്ചതുപോലെ വെളുത്ത നിറത്തിലുള്ള വിവാഹവസ്ത്രമണിഞ്ഞ്, കൈയില്‍ മഞ്ഞയും വെള്ളയും നിറങ്ങളുള്ള പൂക്കളുമേന്തി. 2017 നവംബര്‍ 10നാണ് ഇവര്‍ തമ്മിലുള്ള വിവാഹം നിശ്ചയം നടന്നത്.
കെന്റലിന്റെ മരണം ഒരുപാടു പേരെ മാനസികമായി തകര്‍ത്തു. പ്രത്യേകിച്ച് കെന്റലിന്റെ സുഹൃത്തുക്കളേയും ബന്ധുക്കളേയും. ഏറ്റവും കൂടുതല്‍ വേദനിച്ചത് അവളായിരുന്നു. അയാള്‍ക്കു വേണ്ടി കാത്തിരുന്നവള്‍. ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ അവളൊടൊപ്പം ഇരുവരുടെയും സുഹൃത്തുക്കളും ബന്ധുക്കളുമുണ്ടായിരുന്നു. കെന്റലിന്റെ മരണശേഷം മാതാവ് കത്രീന മര്‍ഫിയാണു വിവാഹം നിശ്ചയിച്ചദിനം ജെസിക്കയ്ക്കായി ഒരു ഫോട്ടോഷൂട്ട് നടത്താന്‍ തീരുമാനിച്ചത്. ഇതിനായി ഫോട്ടോഗ്രാഫര്‍ മാന്‍ഡി നീപിനെ കത്രീന സമീപിച്ചിരുന്നു. ജെസിക്കയ്ക്ക് ഇതു വലിയ ആശ്വാസമാകുമെന്ന് മാന്‍ഡി ചിന്തിച്ചു. അതോടെ ഫോട്ടോഷൂട്ട് നടത്താന്‍ അവര്‍ തയ്യാറായി.
ജെസിക്ക വിവാഹവസ്ത്രം അണിഞ്ഞപ്പോള്‍ മുതല്‍ അവള് കെന്റലിന്റെ വധുവായി ഒരുങ്ങുന്നതടക്കമുള്ള ദൃശ്യങ്ങള്‍ മാന്‍ഡി അതിമനോഹരമായി തന്റെ ക്യാമറയിലാക്കി. കെന്റല്‍ ഉപയോഗിച്ചിരുന്ന യൂണിഫോം, ഹെല്‍മറ്റ്, ബൂട്ട്സ് എന്നിവയെല്ലാം ജെസിക്കയ്ക്കായി ഇവര്‍ തായാറാക്കി വച്ചിരുന്നു. കെന്റലിന്റെയും ജെസിക്കയുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ജെസിക്കയ്ക്ക് ധൈര്യം പകരാന്‍ ഈ ചടങ്ങില്‍ എത്തിയിരുന്നു.
പ്രിയപ്പെട്ടവന്റെ കല്ലറയ്ക്കു മുമ്പില്‍ മുട്ടുകുത്തി കുമ്പിട്ടു നില്ക്കുമ്പോള് ജെസിക്കയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. എങ്കിലും ധൈര്യം കൈവിടാതെ അവള് പുഞ്ചിരിതൂകി. ജെസിക്കയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. നിലവില്‍ 22,000 അധികം ഷെയറുകളാണ് ചിത്രങ്ങള്‍ക്കുള്ളത്.
Discussion about this post