ബൊഗോട്ട: കൊളംബിയയില്‍ വിമാനം തകര്‍ന്നുവീണ് 12 പേര് കൊല്ലപ്പെട്ടു. ആഭ്യന്തര വിമാനസര്‍വ്വീസ് നടത്തുന്ന ലേസര്‍ എയര്‍ലൈന്‍സിന്റെ ഡഗ്ലസ് ഡിസി-3 എന്ന 30 സീറ്റുള്ള ചെറുവിമാനമാണ് തകര്‍ന്നു വീണത്. സാങ്കേതിക തകരാര്‍ മൂലമാണ് തകര്‍ന്നതെന്നാണ് പ്രാഥമിക നിഗമനം.
മെറ്റാ പ്രവിശ്യയില്‍ പ്രാദേശിക സമയം ശനിയാഴ്ച രാവിലെ 10.40 നാണ് വിമാനം തകര്‍ന്നു വീണതെന്നാണ് റിപ്പോര്‍ട്ടുകള്‍. കൊളംബിയന്‍ നഗരമായ വില്ലാവിസെന്‍സിയോയില്‍ നിന്ന് ബ്രസീല്‍ അതിര്‍ത്തിയോട് ചേര്‍ന്നുള്ള തരെയ്റ നഗരത്തിലേക്ക് സര്‍വ്വീസ് നടത്തുന്ന വിമാനമാണ് ഇത്.
റിപ്പോര്‍ട്ടുകള്‍ പ്രകാരം വിമാനം മോശം കാലാവസ്ഥ മൂലം സാന്‍ ജോസ് വിമാനത്താവളത്തില്‍ ഇറക്കാന്‍ ശ്രമിച്ചിരുന്നു. റഡാറില്‍ നിന്ന് അപ്രത്യക്ഷമായതിനെ തുടര്‍ന്ന് നടന്ന തിരച്ചിലില്‍ ഒരുമണിക്കൂര്‍ കഴിഞ്ഞ് വിമാനം തകര്‍ന്ന നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ അധികൃതര്‍ അന്വേഷണം ആരംഭിച്ചു.
Discussion about this post