മാലിന്യക്കൂമ്പാരത്തില്‍ ഭക്ഷണം തേടി അലയുന്ന ധ്രുവക്കരടികളുടെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്. അടുത്തിടെ റഷ്യയിലെ ബല്യൂഷ്യ ഗൂബ എന്ന ഗ്രാമത്തില്‍ കൂട്ടമായെത്തിയത് അമ്പതോളം ഹിമക്കരടികളാണ്. അവയില്‍ പലതും ഭക്ഷണം തേടി തെരുവുകളില്‍ അലഞ്ഞു നടന്നു. ചിലത് വീടുകളിലും ഷോപ്പിങ് മാളുകളിലും അതിക്രമിച്ചു കടന്നു.
അതോടെ ഹിമക്കരടികളുടെ സംഘം ജനങ്ങളുടെ ജീവന് തന്നെ ഭീഷണിയായി മാറി. ഇതോടെ പ്രാദേശിക ഭരണകൂടം മേഖലയില്‍ ഒരാഴ്ചത്തേയ്ക്ക് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
അതേസമയം, പ്രദേശത്ത് വന്‍ തോതില്‍ മാലിന്യം അടിഞ്ഞുകൂടിയതാണ് ഹിമക്കരടികള്‍ അതിക്രമിച്ചു കടക്കാന്‍ ഇടയാക്കിയതെന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നെങ്കിലും വസ്തുത മറ്റൊന്നായിരുന്നു. കാലാവസ്ഥാ വ്യതിയാനമുണ്ടാക്കിയ ഭക്ഷണ പ്രതിസന്ധിയാണ് ധ്രുവക്കരടികളെ മനുഷ്യവാസമുള്ള മേഖലകളിലേയ്ക്ക് കടന്നുകയറാന്‍ പ്രേരിപ്പിച്ചതെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
മഞ്ഞു പ്രദേശങ്ങള്‍ അമിതമായി ഉരുകുകയും സമുദ്രനിരപ്പില്‍ അസ്വാഭാവികമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യുന്നതോടെ ധ്രുവപ്രദേശങ്ങളിലെ ജീവികള്‍ക്ക് അവയുടെ സ്വഭാവിക ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നാതായി ഗവേഷകര്‍ പറയുന്നു. ഭക്ഷണം ലഭിക്കാതെ കടുത്ത പട്ടിണി മൂലം കരടികള്‍ ചാവുന്നതും പതിവാണ്.
Discussion about this post